2 പശുവിൽനിന്ന് അമ്പതിലേക്ക് പാൽത്തിളക്കത്തിൽ ബീനയും കുടുംബവും

പുൽപ്പള്ളി പാക്കം പുഴമൂല പുത്തൻപുരയ്ക്കൽ ബീന 30 വർഷമായി തുടരുന്ന പശുവളർത്തലിന് അർഹിക്കുന്ന അംഗീകാരമായി സംസ്ഥാനതല ക്ഷീര അവാർഡ്. മലബാർ മേഖലയിലെ മികച്ച ക്ഷീരകർഷകയായാണ് ബീന തെരഞ്ഞെടുക്കപ്പെട്ടത്. പുൽപ്പള്ളി ക്ഷീരസംഘത്തിന് കീഴിലെ കർഷകയായ ബീന കഴിഞ്ഞവർഷം പ്രതിദിനം 450 ലിറ്റർ പാൽ അളന്നു. രണ്ട് പശുക്കളിൽ നിന്നുതുടങ്ങി 50 പശുക്കളില എത്തിനിൽക്കുന്നു. വീടിനോട് ചേർന്നുള്ള ഒന്നര ഏക്കറിൽ പുല്ല് കൃഷിചെയ്യുന്നു. എച്ച്എഫ്, ജഴ്സി ഇനങ്ങളിൽപ്പെട്ട പശുക്കളെയാണ് വളർത്തുന്നത്. പരമാവധി പശുക്കളെ നിലനിർത്തുകയും ഇവയിൽനിന്നുണ്ടാകുന്ന കുട്ടികളിൽ മികച്ചതെന്ന് കണ്ടെത്തുന്നവരെ നിലനിർത്തി പരിപാലിക്കുന്നതാണ് രീതി. ഭർത്താവ് എബ്രഹാമിന്റെ പൂർണപിന്തുണയുമുണ്ട്. രണ്ട് മക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്. ഇവരുടെ വിദ്യാഭ്യാസമെല്ലാം നിറവേറ്റിയത് പാൽ വിറ്റുകിട്ടിയ വരുമാനംകൊണ്ടാണ്. എല്ലാവിധ സഹായങ്ങളുമായി പുൽപ്പള്ളി ക്ഷീരസംഘവുമുണ്ടെന്ന് ബീന പറഞ്ഞു. തൊഴുത്ത്, കറവ യന്ത്രം എന്നിവ ലഭിക്കുന്നതിന് ക്ഷീരസംഘം സഹായിച്ചു. സംഘം എട്ട് പശുക്കൾക്ക് സബ്സിഡി നൽകി. പശുക്കൾക്ക് ചികിത്സ നൽകുന്നതിന് വെറ്ററിനറി ഡോക്ടറുടെ സേവനവും ലഭിക്കുന്നുണ്ട്. പശുക്കളുടെ പരിപാലനത്തിനായി നേപ്പാളിൽനിന്നുള്ള കുടുംബവുമുണ്ട്.
0 comments