സർക്കാർ ഫണ്ട് നഷ്‌ടപ്പെടുത്തി; ഓഫീസ് നിർമാണം പാതിവഴിയിൽ

മാനന്തവാടി നഗരസഭയിൽ മാനന്തവാടി, പയ്യമ്പള്ളി വില്ലേജുകളിലായി അരലക്ഷത്തിലധികം ജനങ്ങളാണ് ജീവിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനന, മരണ രജിസ്ട്രേഷനുള്ള തദ്ദേശ സ്ഥാപനങ്ങളിലൊന്ന്. നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും നഗരസഭയിലെത്തുന്നത്. എന്നാൽ, പത്തുപേർക്കുള്ള സൗകര്യംപോലും നഗരസഭാ ഓഫീസിലില്ല. പുതിയ ഓഫീസ് നിർമാണത്തിനായി മൂന്ന് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. എന്നാൽ, നഗരസഭ അധികൃതരുടെ അനാസ്ഥയെതുടർന്ന് തുക നഷ്‌ടമായി. ഓഫീസ് നിർമാണത്തിനായി 2020-–-21 വർഷമാണ് തുക നൽകിയത്. ഡിപിആർ സമയബന്ധിതമായി സമർപ്പിക്കാത്തതിനാലാണ് തുക നഷ്‌ടപ്പെട്ടത്. തുടർന്ന്, തനത് ഫണ്ടിൽ നിന്നും തുക വകയിരുത്തി ആരംഭിച്ച ഓഫീസ് നിർമാണം പാതിവഴിയിലാണ്. ടൗൺഹാൾ പൊളിച്ച സ്ഥലത്താണ് നിർമാണം. ഇതോടെ നഗരത്തിന് പൊതുഇടമില്ലാത്ത അവസ്ഥയാണ്. നിലവിലെ ഓഫീസിൽ നൂറിനടുത്ത് ജീവനക്കാരും കൗൺസിലർമാരും പ്രയാസപ്പെട്ടാണ് ഇരിക്കുന്നത്. ഓഫീസിനാവശ്യമായ പാർക്കിങ് സൗകര്യവുമില്ല. മാസങ്ങൾക്ക് മുമ്പ് നഗരസഭാ ഓഫീസിലെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുന്ന സാഹചര്യമുണ്ടായിരുന്നു. തുക നഷ്‌ടപ്പെടുത്തിയ നഗരസഭാ അധികൃതർക്കെതിരെ ജനരോഷം ഉയരുകയാണ്.
0 comments