കേരളം ഇന്ത്യയിലല്ലേ
എൽഡിഎഫ് മാർച്ചിൽ പ്രതിഷേധമിരമ്പി

കൽപ്പറ്റ മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോടും കേരളത്തോടുമുള്ള കേന്ദ്ര അവഗണനക്കെതിരെ ഉജ്വല പ്രതിഷേധം ആവർത്തിച്ച് എൽഡിഎഫ്. ദുരന്തബാധിതരുമായി വയനാട്ടിൽനിന്ന് ഡൽഹിയിലെത്തി ഉയർത്തിയ പ്രതിഷേധത്തിന്റെ കരുത്ത് വർധിപ്പിച്ച് കൽപ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. ‘കേരളം ഇന്ത്യയിലല്ലേ’ എന്ന ചോദ്യമുയർത്തിയുള്ള പ്രക്ഷോഭത്തിൽ ദുരന്തബാധിതർ ഉൾപ്പെടെ നൂറുകണക്കിനുപേർ അണിചേർന്നു. രാജ്‌ഭവനിലും മണ്ഡലം അടിസ്ഥാനത്തിൽ സംസ്ഥാനത്താകെയും തിങ്കളാഴ്‌ച നടത്തിയ എൽഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ജില്ലയിലേയും കേന്ദ്രസർക്കാർ ഓഫീസ് മാർച്ചുകൾ. ജില്ല നേരിടുന്ന വന്യമൃഗശല്യത്തിനും രാത്രിയാത്രാ നിരോധനത്തിനും ഉൾപ്പെടെ ശാശ്വതപരിഹാരം വേണം, സംസ്ഥാനത്തോട് പുലർത്തുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി. അവഗണനയുടെ രാഷ്‌ട്രീയ രേഖയായി മാറിയ കേന്ദ്ര ബജറ്റിനെതിരെയും പ്രതിഷേധിച്ചു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സി എം ശിവരാമൻ അധ്യക്ഷനായി. വി പി വർക്കി, കെ കെ ഹംസ, വിജയൻ ചെറുകര, മുഹമ്മദ് പഞ്ചാര, രഞ്ജിത്, മാത്യു എന്നിവർ സംസാരിച്ചു. ഡി രാജൻ സ്വാഗതവും വി ഹാരിസ് നന്ദിയും പറഞ്ഞു. മാനന്തവാടി പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മുള്ളൻമട അധ്യക്ഷനായി. എ എൻ പ്രഭാകരൻ, പി വി സഹദേവൻ, വി കെ ശശിധരൻ, പി ടി ബിജു, എ ജോണി, സണ്ണി, പി എം ഷബീറലി, അനിൽ വള്ളുവക്കണ്ടി എന്നിവർ സംസാരിച്ചു. ബത്തേരി പോസ്‌റ്റ് ഓഫീസ് മാർച്ച് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ ഉദ്‌ഘാടനം ചെയ്‌തു. സജി വർഗീസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ബെന്നി കുറുമ്പാലക്കോട്ട, ജോസ് പനമരം, എം കെ ബാലൻ, കെ വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. വി വി ബേബി സ്വാഗതവും പി ആർ ജയപ്രകാശ് നന്ദിയും പറഞ്ഞു.
0 comments