വരുമാനത്തിൽ റെക്കോഡുമായി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെൽ
കൽപ്പറ്റ റെക്കോഡ് യാത്രയും വരുമാനവുമായി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെൽ. 2024ൽ 110 യാത്രകളാണ് ജില്ലയിൽ ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയത്. ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നീ ഡിപ്പോകളിൽനിന്നെല്ലാം യാത്രകൾ നടത്തി. ഡിസംബറിലാണ് കൂടുതൽ വരുമാനം ലഭിച്ചത്. മുൻ വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ആകർഷകമായ പദ്ധതികൾക്ക് സ്വീകാര്യത ഏറിയതോടെയാണ് വരുമാനത്തിൽ വൻ വർധനയുണ്ടായത്. വിദ്യാർഥികൾക്ക് വിനോദയാത്ര നടത്താനുള്ള "ട്രാവൽ ടു ടെക്നോളജി, ആനവണ്ടിയിലൂടെ കാണാം നമ്മുടെ വയനാട്’ വൺഡേ ടൂർ പാക്കേജ്, തുടങ്ങിയ പദ്ധതികളിൽ ഹിറ്റായി. ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചു. ആഡംബര കപ്പൽ യാത്രകളും നടത്തി. ഡിസംബറിൽ സംസ്ഥാനത്ത് ട്രാവൽ ടു ടെക്നോളജി പദ്ധതിയിൽ കൂടുതൽ ട്രിപ്പ് ഒരുക്കിയത് ബത്തേരി ഡിപ്പോയാണ്. ആകെ ആറെണ്ണം പോയതിൽ അഞ്ചെണ്ണവും ബത്തേരിയിൽനിന്നാണ്. നവംബർ മുതൽ ആരംഭിച്ച "സൈറ്റ് സീയിങ് " പത്തിലധികം യാത്രകൾ നടത്തി. എടയ്ക്കൽ സർക്യൂട്ട്, കുറുവ സർക്യൂട്ട് എന്നിങ്ങനെ രണ്ട് വൺഡേ പാക്കേജുകളും വിനോദസഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്. പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2022 ഒക്ടോബറിൽ ആരംഭിച്ച ആനവണ്ടിയിലെ കാനനയാത്രയായ ജംഗിൾ സഫാരി ഇതുവരെ നടത്തിയത് 200ലധികം യാത്രകളാണ്. ഇതിൽ നൂറിലധികം 2024ലാണ്. പദ്ധതി മികച്ച പ്രതികരണത്തോടെ തുടരുകയാണ്. ബത്തേരി ഡിപ്പോയിലെ സ്ലീപ്പർ ബസുകളിലെ ചെറിയ ചെലവിലുള്ള താമസവും ബമ്പർ ഹിറ്റായി. അഞ്ച് സ്ലീപ്പർ ബസുകളാണുള്ളത്. 64 ബെഡുകളും 2 കുടുംബത്തിന് താമസിക്കാനുള്ള സംവിധാനവുമുണ്ട്.
0 comments