ജയിൽ കാണാം... ഇ എം എസിന്റെയും എ കെ ജിയുടെയും കത്ത് വായിക്കാം

കൽപ്പറ്റ ജയിലിനുള്ളിലെ സെല്ലും തൂക്കുമരവും കാണണോ. എന്റെ കേരളം പ്രദർശന വിപണനമേളയിൽ ജില്ലാ ജയിൽ ഒരുക്കിയ തീം സ്റ്റാളിലേക്ക് പോന്നോളൂ... ഇ എം എസും എ കെ ജിയും ജയിലിൽനിന്ന് എഴുതിയ കത്തുകളും രജിസ്റ്ററുകളും കാണാനും അവസരമുണ്ട്. ജനങ്ങൾക്ക് ജയിലിലെ സൗകര്യങ്ങളും പ്രവർത്തനരീതികളും കണ്ടറിയാനാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ജില്ലാ ജയിലിന്റെ മാതൃകയിലാണ് പ്രധാന കവാടം. ഫെൻസിങ്ങോടെയുള്ള മതിൽ, സെല്ലുകൾ എന്നിവയുമുണ്ട്. ജയിൽ സന്ദർശക രജിസ്റ്ററിലെ പ്രമുഖരുടെ കുറിപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. വധശിക്ഷാ തടവുകാരെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാനുള്ള സ്‌മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടി എന്നിവയുമുണ്ട്. ജയിൽ വകുപ്പിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി നിർമിച്ച കൂത്തുപറമ്പ് സ്‌പെഷ്യൽ സബ് ജയിലിന്റെയും തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന്റെ വിവരങ്ങളും സംസ്ഥാനത്ത് തൂക്കിലേറ്റിയവരുടെ വിവരങ്ങളും കാണാം. വിവിധതരം ശിക്ഷാനടപടി മുതൽ ജയിൽ വകുപ്പിന്റെ ചരിത്രം വരെ മനസ്സിലാക്കാം. ജില്ലയിൽ ആദ്യമായാണ് ജയിൽ വകുപ്പ് പ്രദർശനമൊരുക്കുന്നത്.
0 comments