നിയമനക്കോഴ കെ എൽ പൗലോസും പ്രതിക്കൂട്ടിൽ; കരകയറാനാവാതെ കോൺഗ്രസ്

കൽപ്പറ്റ കോൺഗ്രസിനെ വീണ്ടും ഉലച്ച് നിയമനക്കോഴ. മുൻ ഡിസിസി പ്രസിഡന്റ് കെ എൽ പൗലോസിനെതിരെയുള്ള പരാതി കോൺഗ്രസിനെ പ്രതിസന്ധിയുടെ കയത്തിലാക്കി. നിയമനക്കോഴയിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതോടെ ജില്ലയിൽ കോൺഗ്രസിന്റെ മുഖം നഷ്ടപ്പെട്ടതാണ്. മരണത്തിലുള്ള ആത്മഹത്യാ പ്രേരണാക്കേസിൽ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണനും അറസ്‌റ്റിലായതോടെ പ്രതിരോധം പൂർണമായും തകർന്നു. ഇതിനൊപ്പമാണ് മുൻ ഡിസിസി പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ കെ എൽ പൗലോസിനെതിരെയും പൊലീസിൽ പരാതി എത്തിയത്. പാടിച്ചിറ സഹകരണ ബാങ്കിലെ നിയമനത്തിന് പൗലോസ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ 12 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പാടിച്ചിറ വാക്കനോലിൽ സനു രാജപ്പനാണ് എൻ എം വിജയന്റെയും മകന്റെയും മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള ബത്തേരി ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. കെ എൽ പൗലോസിന് അഞ്ചുലക്ഷം ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ 12 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് പരാതി. വട്ടിപ്പലിശയ്‌ക്ക് കടം വാങ്ങിയാണ് കോൺഗ്രസ് നേതാക്കൾക്ക് പണം നൽകിയത്. പലിശ തിരിച്ചുകൊടുക്കാൻ സാധിക്കാതിരുന്നതിനാൽ വധഭീഷണിയുണ്ടായി. ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായും സനു രാജപ്പന്റെ പരാതിയിലുണ്ട്. ഗുരുതര ആരോപണമാണ് പൗലോസിനും പുൽപ്പള്ളിയിലെ മറ്റു പ്രാദേശിക നേതാക്കൾക്കുമെതിരെയുള്ളത്. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണനുമൊപ്പം പൗലോസിന്റെ പേര് ഉണ്ടായിരുന്നെങ്കിലും പൊലീസ്, വിജിലൻസ് അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നില്ല. പരാതി ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെയും പൊലീസ് കേസെടുത്തേക്കും. പ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. ജില്ലയിലെ പ്രധാന നേതാക്കൾക്കെല്ലാം കോഴയിൽ പങ്കുണ്ടെന്നും എല്ലാവരും ചേർന്ന് വിജയനെയും മകനെയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്നും ഓരോ ദിവസവും കൂടുതൽ വ്യക്തമാകുകയാണ്. കോൺഗ്രസ് നേതാക്കളാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നായിരുന്നു വിജയന്റെ ആത്മഹത്യാക്കുറിപ്പ്.
Related News

0 comments