Deshabhimani

പടിഞ്ഞാറത്തറ–പൂഴിത്തോട്‌ റോഡ്‌ വനത്തിലെ ജിപിഎസ്‌ പഠനം ഇന്ന്‌ പൂർത്തിയാവും

പടിഞ്ഞാറത്തറ–പൂഴിത്തോട്‌ റോഡ്‌
വെബ് ഡെസ്ക്

Published on Feb 07, 2025, 12:15 AM | 1 min read

സ്വന്തം ലേഖകൻ കൽപ്പറ്റ പടിഞ്ഞാറത്തറ–-പൂഴിത്തോട്‌ റോഡിനായുള്ള ജിപിഎസ്‌ സാധ്യതാപഠനം വെള്ളിയാഴ്‌ച പൂർത്തിയാവും. റോഡ്‌ നിർമാണത്തിന്‌ ആദ്യമായാണ്‌ വനത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിശോധന നടക്കുന്നത്‌. വനത്തിൽ ജിപിഎസ്‌ പരിശോധന നടത്താൻ എതിർപ്പില്ലെന്ന്‌ കാണിച്ച്‌ കോഴിക്കോട്‌, വയനാട്‌ ജില്ലകളിലെ ഡിഎഫ്‌ഒമാർ നൽകിയ അനുമതിയെത്തുടർന്നാണ്‌ ബുധനാഴ്‌ച പഠനം തുടങ്ങിയത്‌. വനത്തിൽ ജിപിഎസ്‌ സിഗ്‌നൽ ലഭിക്കാനുണ്ടായ തടസ്സത്തെ തുടർന്നാണ്‌ ഒരു ദിവസംകൊണ്ട്‌ പൂർത്തിയാവുമായിരുന്ന സർവേ വൈകിയത്‌. ജിപിഎസ്‌ സംവിധാനം കണ്ടെത്തിയ ഏറ്റവും കുറവ്‌ വനഭൂമി ഉപയോഗിച്ച്‌ എങ്ങനെ റോഡ്‌ നിർമിക്കാമെന്ന വിവരം കേന്ദ്രസർക്കാരിന്റെ പരിവേഷ്‌ പോർട്ടലിൽ അടുത്ത ആഴ്‌ച അപ്‌ലോഡ്‌ ചെയ്യും. തുടർന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ വനത്തിൽ മണ്ണ്‌ പരിശോധന തുടങ്ങും. കോഴിക്കോട്‌ ജില്ലയിലെ പൂഴിത്തോട്‌ ഭാഗത്ത്‌ സാധ്യതാപഠനം നേരത്തെ പൂർത്തിയായിരുന്നു. വയനാട് ഭാഗത്ത്‌ സാധ്യതാപഠനത്തിന്റെ ഭാഗമായുള്ള മണ്ണ്‌ പരിശോധന പൂർത്തിയാക്കിയാണ്‌ വനത്തിൽ ജിപിഎസ്‌ പഠനം തുടങ്ങിയത്‌. പൊതുമരാമത്ത്‌ വകുപ്പിന്റെ നിയന്ത്രണത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്‌ സാധ്യതാപഠനത്തിന്റെ ചുമതല. സംസ്ഥാന സർക്കാർ സാധ്യതാപഠനത്തിന്‌ ഒന്നരക്കോടി രൂപയാണ്‌ അനുവദിച്ചത്‌. പടിഞ്ഞാറത്തറയിൽനിന്ന്‌ പൂഴിത്തോട്‌ വരെ 27 കിലോമീറ്ററാണ്‌ ദൂരം. രണ്ട്‌ ജില്ലയിലുമായി ഏഴ്‌ കിലോമീറ്റർ മാത്രമാണ്‌ വനഭൂമിയുള്ളത്‌. പടിഞ്ഞാറത്തറയിൽനിന്ന്‌ കുറ്റ്യാമൈൽ വരെ 12 മീറ്റർ വീതിയിൽ ടാർചെയ്‌ത റോഡുണ്ട്‌. ഇത്‌ കഴിഞ്ഞ്‌ വനാതിർത്തിവരെ നാല്‌ കിലോമീറ്ററിൽ കരിങ്കൽ ചീളുകൾ പാകിയ റോഡാണുള്ളത്‌. ജിപിഎസ്‌ സർവേ ഫലം പരിവേഷ്‌ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യുന്നതോടെ കേന്ദ്ര വനംമന്ത്രാലയത്തിൽ സമ്മർദം ചെലുത്തി റോഡ്‌ നിർമാണത്തിന്‌ അനുമതി നേടിയെടുക്കുക എന്നതാണ്‌ പ്രധാന നടപടി.



deshabhimani section

Related News

0 comments
Sort by

Home