പോണ്ടിച്ചേരി മദ്യം കടത്തി കേരള ബ്രാൻഡിൽ വിൽപ്പന വ്യാജമദ്യ നിർമാണകേന്ദ്രം തകർത്ത് എക്‌സൈസ്

ബത്തേരി പോണ്ടിച്ചേരിയിൽനിന്ന് മദ്യം ബത്തേരിയിലെത്തിച്ച് കേരളത്തിൽ വിൽപ്പനയുള്ള വിദേശമദ്യങ്ങളുടെ വ്യാജലേബൽ പതിച്ച് വിൽപ്പന നടത്തുന്ന കേന്ദ്രം കണ്ടെത്തി എക്‌സൈസ്. റെയ്‌ഡിൽ 17 ലിറ്റർ വിദേശമദ്യവും തട്ടിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും പിടികൂടി. ബത്തേരി പുത്തൻകുന്ന് കോടതിപ്പടിയിൽ ചെതലയം ആറാംമൈൽ സ്വദേശി കൊച്ചുപറമ്പിൽ രാജേഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് വ്യാഴം പകൽ അനധികൃതമായി സൂക്ഷിച്ച മദ്യശേഖരവും ഉപകരണങ്ങളും വിവിധ മദ്യബ്രാൻഡുകളുടെ വ്യാജ ലേബലുകളും കണ്ടെടുത്തത്. വീട് പരിശോധനയ്ക്കായി എക്‌സൈസ് സംഘം എത്തിയതോടെ രാജേഷ് മതിൽ ചാടി രക്ഷപ്പെട്ടു. വീടിനകത്ത് നടത്തിയ പരിശോധനയിലാണ് 25 കുപ്പികളിലായി നിറച്ച് വ്യാജ ലേബൽ ഒട്ടിച്ച നിലയിലുള്ള 17 ലിറ്റർ മദ്യം കണ്ടെത്തിയത്. വിവിധ ബ്രാൻഡുകളിലുള്ള വിദേശ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളും മദ്യക്കുപ്പികളിൽ അടപ്പ് ഘടിപ്പിക്കുന്ന യന്ത്രവും വ്യാജമായി ലേബലുകൾ തയ്യാറാക്കുന്നതിനുള്ള സ്കാനറും പ്രിന്ററുമുണ്ടായിരുന്നു. കല്ലൂർ, തേക്കുംപറ്റ, കല്ലുമുക്ക്, മാറോട്, ചെതലയം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാജ മദ്യക്കച്ചവടം തടയാൻ എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡുകളിൽ കേരളത്തിൽ വിൽപ്പനയുള്ള വിലകൂടിയ ഇനം മദ്യക്കുപ്പികൾ പിടികൂടിയിരുന്നു. മദ്യക്കച്ചവടക്കാർക്ക് ബൊലോറ വാഹനത്തിലാണ് മദ്യം എത്തിച്ച് കൊടുക്കുന്നതെന്ന് എക്‌സൈസ് ഇന്റലിജൻസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പുത്തൻകുന്നിലെ രാജേഷിന്റെ വാടക വീട്ടിൽ എക്‌സൈസ് സംഘം വ്യാഴം ഉച്ചയോടെ എത്തിയത്. ബൊലോറ പിന്തുടർന്നാണ് വീട്ടിലേക്ക് എത്തിയത്. രാജേഷ് മതിൽചാടി രക്ഷപ്പെടുന്നതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തുവീണത് എക്‌സൈസ് സംഘത്തിന് ലഭിച്ചു. പ്രതി ഉടൻ വലയിലാകുമെന്നാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തൽ.
Related News

0 comments