Deshabhimani
ad

മണിക്കൂറുകൾ തമ്പടിച്ചത്‌ സ്‌കൂളിനു സമീപം

മേപ്പാടിയെ ഭീതിയിലാഴ്‌ത്തി കാട്ടാനക്കൂട്ടം

കാട്ടാനക്കൂട്ടം
വെബ് ഡെസ്ക്

Published on Jun 20, 2025, 12:00 AM | 1 min read

സ്വന്തം ലേഖകൻ മേപ്പാടി മേപ്പാടിയെ ഭീതിയിലാഴ്‌ത്തി കാട്ടാനക്കൂട്ടം. ഒരു കുട്ടിയുൾപ്പെടെ ഏഴ്‌ ആനകൾ സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ എച്ച്‌എസ്‌എസിന്‌ സമീപത്തെ കാപ്പിത്തോട്ടത്തിൽ വ്യാഴം പകൽ മുഴുവൻ തമ്പടിച്ചു. വിദ്യാർഥികളടക്കം നാട്ടുകാർ പരിഭ്രാന്തിയിലായി. ഹയർ സെക്കൻഡറി സ്‌കൂളിന്‌ ഉച്ചയോടെ അവധി നൽകി. രാത്രിയോടെയാണ്‌ ആനകളെ തുരത്താനായത്‌. കഡൂർ വനമേഖലയിൽ നിന്ന്‌ കാട്ടാനക്കൂട്ടം പുലർച്ചെ ജനവാസ കേന്ദ്രത്തിലേക്ക്‌ ഇറങ്ങുകയായിരുന്നു. തുടർന്ന്‌ മാപ്പിളത്തോട്ടത്തിലെത്തി. ദിവസങ്ങളായി വനാതിർത്തികളിൽ നിലയുറപ്പിച്ചവയാണിവ. അപ്രതീക്ഷിതമായി മേപ്പാടി–-ചൂരൽമല റോഡ്‌ മുറിച്ച്‌ കടന്ന്‌ സ്‌കൂൾ പരിസരത്തേക്ക്‌ എത്തിയതോടെയാണ്‌ ഭീതിപടർന്നത്‌. മേപ്പാടി ടൗണിന്‌ സമീപമാണ്‌ സ്‌കൂളുകളും തോട്ടവും. സെന്റ്‌ ജോസഫ്‌സ്‌ ഹയർ സെക്കൻഡറി, സെന്റ്‌ ജോസഫ്‌സ്‌ യുപി, മൗണ്ട്‌ ടാതോബർ എന്നീ സ്‌കൂളുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്‌ ഹയർ സെക്കൻഡറി സ്‌കൂളിന്‌ ഉച്ചയോടെ അവധി നൽകുകയായിരുന്നു. നെല്ലിമുണ്ട യുപി സ്‌കൂളിലെ വിദ്യാർഥികളെയും നേരത്തെ വീടുകളിലേക്ക്‌ അയച്ചു. വനപാലകർ കാട്ടാനകളെ തുരത്താനുള്ള ദൗത്യം രാവിലെ ആരംഭിച്ചെങ്കിലും വൈകുംവരെ ഫലം കണ്ടില്ല. വൈകിട്ടോടെ പോഡാർ പ്ലാന്റേഷൻ വഴി വനത്തിലേക്ക്‌ കടത്തിവിടാൻ ശ്രമിച്ചു. ആനക്കൂട്ടം റോഡ്‌ മുറിച്ചുകടന്ന്‌ തേയിലത്തോട്ടംവഴി വനത്തിലേക്ക്‌ നീങ്ങുകയും ചെയ്‌തു. ദൗത്യം വിജയിച്ചെന്ന്‌ കരുതി വനപാലകർ മടങ്ങാൻ ഒരുങ്ങവെ ആനകൾ വീണ്ടും കാപ്പിത്തോട്ടത്തിലേക്ക്‌ തിരിച്ചുവന്നു. സംഘത്തിലുണ്ടായ ആനക്കുട്ടി തോട്ടത്തിൽ കുടുങ്ങിയതിനെ തുടർന്നാണ്‌ ബാക്കിയുള്ളവ ചിന്നംവിളിച്ച്‌ ഓടിയിറങ്ങിയത്‌. ജനങ്ങൾ വീണ്ടും പരിഭ്രാന്തിയിലായതോടെ വനപാലക സംഘം വീണ്ടുമെത്തി ആനയെ തുരത്തുകയായിരുന്നു. സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ അജിത്‌ കെ രാമൻ, റെയ്‌ഞ്ച്‌ ഓഫീസർ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി ഏഴരയോടെയാണ്‌ മുഴുവൻ ആനകളെയും വനമേഖലയിലേക്ക്‌ തുരത്തിയത്‌. പ്രദേശത്ത്‌ ആർആർടി സംഘത്തിന്റെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home