ബഹുജന പോരാട്ടം ശക്തമാക്കും
ജില്ലയുടെ പ്രശ്‌നപരിഹാരത്തിന് ഫലപ്രദമായി ഇടപെടും

കൽപ്പറ്റ വയനാടിന്റെ വികസന, ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിപിഐ എം നേതൃത്വത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു റഫീഖ്. സംസ്ഥാനത്തെ എൽഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളെല്ലാം ജില്ലയ്‌ക്ക് ലഭ്യമാക്കും. അതോടൊപ്പം പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളിൽ ഇടപെടും. ബഹുജന പോരാട്ടം ശക്തമാക്കും. സംസ്ഥാനത്തോടും ജില്ലയോടുമുള്ള കേന്ദ്രാവഗണനക്കെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. സിപിഐ എമ്മിന്റെ ജനകീയ അടിത്തറ കൂടുതൽ വിപുലമാക്കും. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ് മുന്നേറ്റത്തിനുതകുന്ന പ്രവർത്തനങ്ങൾ നടത്തും. യോജിച്ച പ്രക്ഷോഭം വന്യമൃഗശല്യം ഉൾപ്പെടെയുള്ള വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോജിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകും. യോജിക്കാവുന്ന എല്ലാവരുമായും ചേർന്ന് പോരാടും. 17ന് നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തും. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ 1972ലെ കേന്ദ്ര വനം–-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം. നിയമഭേദഗതിക്കായി ഇടപെടാനാകില്ലെന്നാണ് വയനാടിന്റെ എംപി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞത്. ഇത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദേശീയപാതയിലെ രാത്രിയാത്രാ നിരോധം, റെയിൽവേ ഉൾപ്പെടെയുള്ള വയനാടിന്റെ ആവശ്യങ്ങളിൽ ഇടപെടാൻ എംപി തയ്യാറാകുന്നില്ല. മുൻ എംപി രാഹുൽ ഗാന്ധിയും ഈ വിഷയങ്ങൾ ഒരിക്കൽപ്പോലും പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല. ഇതേ നിലപാടാണ് പ്രിയങ്കയും സ്വീകരിക്കുന്നത്. വന്യമൃഗപ്രശ്‌നത്തിൽ പാർലമെന്റിൽ സ്വകാര്യബിൽ അവതരിപ്പിക്കാൻ പ്രിയങ്ക തയ്യാറാകണം. രാത്രിയാത്രാ നിരോധം പിൻവലിക്കാൻ കർണാടക ഭരിക്കുന്ന കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കണം. കർണാടക സർക്കാർ വിചാരിച്ചാൽ രാത്രിയാത്രാ നിരോധം പിൻവലിക്കാനാകും. പുനരധിവാസം മാതൃകാപരമാകും മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതർക്ക് സർക്കാർ മാതൃകാപരമായ പുനരധിവാസ പദ്ധതിയാണ് ഒരുക്കുന്നത്. മാനദണ്ഡം അനുസരിച്ചാണ് ടൗൺഷിപ്പിലെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് പ്രസിദ്ധീകരിച്ച് പരാതികൾ സ്വീകരിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തിലെ ബി ലിസ്‌റ്റുകൂടി അന്തിമമാകാനുണ്ട്. രക്ഷാപ്രവർത്തനം മുതൽ ഇതുവരെ ഓരോ ഘട്ടത്തിലും മനുഷ്യസാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. പടവെട്ടിക്കുന്നിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. സമരം ചെയ്യേണ്ട ആവശ്യമില്ല. ഉചിതമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കും ആദിവാസി, തോട്ടം മേഖലകളിലുൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുക്കും. ആദിവാസി ഭൂപ്രശ്‌നത്തിന് കുറേയേറെ പരിഹാരമായെങ്കിലും ഭൂമിയില്ലാത്തവർ ഏറെയാണ്. ഭൂമിയും തൊഴിലും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണും. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ഏറ്റെടുക്കും. ടി സിദ്ദിഖ് ബിജെപിയുടെ നാവായി മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രത്തിന്റെ ക്രൂരതയ്‌ക്കെതിരെ കേരളം പോരാടുമ്പോൾ ടി സിദ്ദിഖ് എംഎൽഎ കേന്ദ്രസർക്കാരിനെ സംരക്ഷിക്കാൻ ബിജെപിയുടെ നാവായി. കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ദുരന്തബാധിതരുൾപ്പെടെ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ സിദ്ദിഖ് ഡൽഹിയിൽ എത്തി കേന്ദ്രത്തെ ന്യായീകരിക്കുകയായിരുന്നു. കേന്ദ്ര അവഗണന ദേശീയ ശ്രദ്ധയിൽ എത്തുകയും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോൾ ദുരന്തബാധിതരെ ചേർത്തുനിർത്തുന്ന സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് സിദ്ദിഖ് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിയത്. രാവിലെ എത്തി വാർത്താസമ്മേളനം നടത്തി മടങ്ങി. ഇത് ആരെ സഹായിക്കാനാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ദുരന്തബാധിതരുടെ പുനരധിവാസത്തിലുൾപ്പെടെ ഉത്തരവാദിത്വമില്ലാത്ത പ്രസ്‌താവനകളാണ് എംഎൽഎ നടത്തുന്നത്.
0 comments