വിത്ത് നൽകി ചെറുവയൽ രാമന് കാർഷികകേന്ദ്രത്തിന്റെ സ്വീകരണം

കൽപ്പറ്റ കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി ലഭിച്ച ചെറുവയൽ രാമനെ വിത്ത് നൽകി സ്വീകരിച്ച് അമ്പലവയൽ കാർഷിക കേന്ദ്രം. ഗവേഷണകേന്ദ്രം ഡീനും അസോസിയറ്റ് ഡയറക്ടറുമായ ഡോ. സി കെ യാമിനി വർമ ചെറുവയൽ രാമന്റെ വീട്ടിലെത്തിയാണ് കണലി, ഓണവട്ടൻ, തവളക്കണ്ണൻ എന്നീ അപൂർവ വിത്തുകൾ സമ്മാനിച്ചത്. ശേഖരത്തിൽനിന്ന് നഷ്ടമായ വിത്തുകൾ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെറുവയൽ രാമൻ. ഗവേഷക വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് കൃഷിയറിവുകൾ പങ്കിടുംവിധം ചെറുവയൽ രാമന്റെ സേവനം ഉപയോഗപ്പെടുത്താൻ രൂപരേഖ തയ്യാറാക്കുന്നതിന് ഗവേഷണകേന്ദ്രം പദ്ധതി തയ്യാറാക്കി. മേയിലെ നിലമൊരുക്കൽമുതൽ വിദ്യാർഥികൾക്ക് കൃഷി പരിചയപ്പെടുത്തുന്ന തരത്തിൽ ചിട്ടയായ സിലബസ് കാർഷികകേന്ദ്രം തയ്യാറാക്കുന്നുണ്ട്. എല്ലാ മാസവും അമ്പലവയൽ കാർഷികകേന്ദ്രം മുഖേന ഓണറേറിയം എത്തിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒറ്റവിളകൃഷിയായതിനാൽ ജൂൺ, ജൂലൈ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പഠിതാക്കൾ കൃഷിയിടത്തിൽ എത്തുന്നതായിരിക്കും പ്രയോജനപ്പെടുകയെന്ന് ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു. നെൽകൃഷിയുടെ വിവരങ്ങൾ മാത്രമല്ല, കിഴങ്ങ് വർഗങ്ങളുടെയും സുഗന്ധ വിളകളുടെയും വയനാടൻ വിളവെടുപ്പനുഭവങ്ങളും വിദ്യാർഥികൾക്ക് പങ്കിടുന്നത് സന്തോഷം പകരുമെന്നും രാമൻ പറഞ്ഞു. സ്‌കൂൾ അവധിക്കാലം കൃഷിക്കായി കുട്ടികളെ പ്രേരിപ്പിച്ചാൽ വരുംതലമുറയുടെ ആരോഗ്യം കാക്കാൻ കഴിയും. ഇതിനായി പ്രത്യേക കൃഷിയിടം ഒരുക്കുന്നത് പരിഗണിക്കണമെന്നുമാണ് വിത്തച്ഛന്റെ അഭിപ്രായം. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിനും കാർഷിക കോളേജിനും പ്രൊഫസർ ഓഫ് പ്രാക്ടീസ് സഹകരണം മികച്ച നേട്ടമാണെന്ന് ഡോ. യാമിനി വർമ പറഞ്ഞു.
Related News

0 comments