ഓർമകൾ നിറം ചാർത്തി; ബത്തേരി കളർഫുൾ

 ബത്തേരി കളർഫുൾ
വെബ് ഡെസ്ക്

Published on Mar 15, 2025, 09:03 PM | 1 min read

കൽപ്പറ്റ ബത്തേരിയുടെ പുരോഗതിക്കായി സേവനംചെയ്ത വാഹനങ്ങളെ ചിത്രങ്ങളും വർണങ്ങളുമണിയിച്ച് ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമാക്കി നഗരസഭ. കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായ ട്രാക്ടർ, ആംബുലൻസ് എന്നീ വാഹനങ്ങളാണ് കളർഫുള്ളാക്കിയത്. മാലിന്യം കയറ്റിയ ഇടങ്ങളെല്ലാം വ്യത്യസ്ത നിറങ്ങളാൽ തിളങ്ങുകയാണ്. പൂക്കളും ഇലകളുമെല്ലാം നിറഞ്ഞിരിക്കുന്നു. നഗരസഭാ കെട്ടിടത്തിന്റെ സമീപമാണ് ട്രാക്ടർ നിർത്തിയിട്ടിരിക്കുന്നത്. നിരവധി വർഷം രോഗികളുടെ ജീവനുമായി പാഞ്ഞ ആംബുലൻസാണ് നിറങ്ങളണിഞ്ഞ് താലൂക്ക് ഗവ. ആശുപത്രിക്ക് സമീപം വിശ്രമിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് നഗരസഭയിൽ എത്തുന്നവർക്കടക്കം സുന്ദരൻ ട്രാക്ടറിന്റെ കാഴ്ച ആനന്ദകരമാണ്. താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ കാലാവധി കഴിഞ്ഞ, വെയിലും മഴയുമേറ്റ് കിടന്നിരുന്ന ആംബുലൻസും ഇവിടെയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്തോഷം നൽകുന്ന കാഴ്ചയാണ്. ബത്തേരി ടൗണിലെ പൊതുചുമരുകളടക്കം വർണാഭമാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങളും കളർഫുള്ളാക്കിയത്. വ്യാപാരികളുടെയും സന്നദ്ധസംഘടനകളുടെയും കോളേജ് വിദ്യാർഥികളുടെയും സഹകരണത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നഗരസഭ ചെയ്തുവരുന്നത്. കെഎസ്ആർടിസി ജില്ലാ ഡിപ്പോ പരിസരം, കോട്ടക്കുന്ന്, ചുങ്കം, സ്വതന്ത്രമൈതാനി പരിസരം, ട്രാഫിക് ജങ്ഷൻ, അസംപ്ഷൻ ജങ്ഷൻ, കോടതി പരിസരം എന്നിവിടങ്ങളെല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. റഷീദ് ഇമേജാണ് ചിത്രങ്ങൾ വരയ്ക്കാനും നിറം നൽകാനും നേതൃത്വം നൽകുന്നത്.



deshabhimani section

Related News

0 comments
Sort by

Home