ഡ്രഡ്‌ജിങ് തൊഴിലാളികളുടെ കൂലി കൂട്ടണം: സിഐടിയു

നീലേശ്വരം
നീലേശ്വരം അഴിമുഖത്ത് മാന്വൽ ഡ്രഡ്‌ജിങ് നടത്തുന്ന തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡ്രഡ്ജിങ് തൊഴിലാളികൾക്ക് വർഷങ്ങളായി കൂലി വർധനവില്ല. 2010 ൽ ജിയോളജി റോയൽറ്റി ടണ്ണിന് 10 രൂപയായിരുന്നു. നിലവിൽ ടണ്ണിന് 80 രൂപ. റോയൽറ്റി എട്ടിരട്ടി വർധിപ്പിച്ചിട്ടും കൂലി കൂട്ടിയിട്ടില്ല. പോർട്ട് വിഹിതവും റോയൽറ്റിയും ജിഎസ്ടിയും ഗ്രാമ പഞ്ചായത്തിന്റെ 100 രൂപ വിഹിതമടക്കം തുറമുഖ വകുപ്പ് ഒരു ടൺ മണലിന് 1459 രൂപക്കാണ് വിൽക്കുന്നത്. എന്നിട്ടും മണൽ വാരുന്നവർക്കും കടവിൽ ലോഡ് ചെയ്യുന്നവർക്കും ടണ്ണിന് 665 രൂപയാണ് കൂലി. അഴിമുഖം വഴി ഹാർബറിലേക്ക് കടന്നു വരുന്ന ബോട്ടുകൾക്കിടയിൽ നീരൊഴുക്കു മൂലം തോണികൾ തുഴഞ്ഞു വരുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാൻ തോണിക്ക് എൻജിൻ ഉപയോഗിക്കേണ്ടി വരുന്നു. മറ്റ് കടവുകളെ അപേക്ഷിച്ച് നീലേശ്വരം അഴിമുഖത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് കഠിനാധ്വാനവും ചെലവും അധികമാണെന്ന് ജില്ലാകമ്മിറ്റി ചൂണ്ടിക്കാട്ടി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി കൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി പി മണിമോഹൻ, ടി നാരായണൻ എന്നിവർ സംസാരിച്ചു.
0 comments