ഇന്നും തുഴയുന്നുണ്ട് തേജസ്വിനിയിൽ ആ ചരിത്രത്തോണി

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറി പി സി ജോഷി, പി കൃഷ്‌ണപിള്ളയോടൊപ്പം തോണിയിൽ കയ്യൂരേക്ക് തേജസ്വിനിപ്പുഴയിലൂടെ വരുന്നു. വര: എ ബാലകൃഷ്‌ണൻ
കയ്യൂർ
1943 മാർച്ച് 29-ന് ബ്രിട്ടീഷ് സാമ്രാജ്യത്വം കയ്യൂർ സഖാക്കളെ, തൂക്കിലേറ്റുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറി പി സി ജോഷി, പി കൃഷ്‌ണപിള്ളയോടൊപ്പം കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചിരുന്നു. ജോഷിയോട്, കഴുമരത്തിന്റെ നിഴലിൽ നിൽക്കുന്ന കയ്യൂരിലെ അനശ്വരരായ കർഷക മക്കൾ നൽകിയ മറുപടി വിപ്ലവ ചരിത്രത്തിലെ അവിസ്‌മരണീയമായ അധ്യായങ്ങളിലൊന്നാണ്. ചരിത്രത്തിലെ അത്യപൂർവമായ ആ സവിശേഷ മുഹൂർത്തത്തെപ്പറ്റി 1943 ഏപ്രിൽ 11ന് ഇറങ്ങിയ ‘പീപ്പിൾസ് വാറി’ൽ ജോഷി എഴുതുന്നുണ്ട്. ‘കണ്ടംസെല്ലിന്റെ ആദ്യ നാലു സെല്ലുകളിൽ അവർ ഉണ്ടായിരുന്നു. അക്ഷോഭ്യരായി മുഷ്‌ടി ചുരുട്ടി അവർ ലാൽസലാം പറഞ്ഞു. നാല് സെല്ലുകളുടെയും മുന്നിലൂടെ പോയശേഷം ഞാൻ വീണ്ടും നടുഭാഗത്തേക്ക് വന്നു. ഒരു വർഷത്തെ ജയിൽ ജീവിതം അവരെ തെല്ല് ചടപ്പിച്ചിരുന്നു. എങ്കിലും കണ്ണുകളിൽ പ്രകാശമുണ്ടായിരുന്നു. വിവിധ ദേശക്കാരായ കർഷകരും തൊഴിലാളികളും വിദ്യാർഥികളും കയ്യൂർ സഖാക്കൾക്കെഴുതിയ അഭിവാദ്യക്കത്തുകളുടെ ശേഖരം ഞങ്ങളുടെ പക്കലുണ്ടായിരുന്നു. ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത സഖാക്കൾക്ക്, കത്തിലെ വിവരങ്ങൾ കൃഷ്‌ണപിള്ള പകർന്നുനൽകി. അപ്പോൾ ഞാൻ കരഞ്ഞുപോയി’–- ജോഷി എഴുതി. കയ്യൂർ സഖാക്കളെ തൂക്കിക്കൊല്ലുന്നത് ഒഴിവാക്കാൻ ഇന്ത്യയിലെയും ബ്രിട്ടനിലെയും കമ്യൂണിസ്‌റ്റ് പാർടികൾ പ്രത്യേക അഭിഭാഷകനെ വച്ച് വാദിച്ചിട്ടും ഫലിച്ചില്ല. ഒടുവിൽ ബ്രിട്ടീഷ് പാർടി ശേഖരിച്ച അന്നത്തെ രണ്ടായിരം രൂപ കയ്യൂർ രക്തസാക്ഷികളുടെ കുടുംബത്തിന് സഹായമായി കൈമാറാൻ അയച്ചു. ജോഷിയും കൃഷ്‌ണപിള്ളയും കണ്ണൂർ ജയിലിൽ സഖാക്കളെ സന്ദർശിച്ച ശേഷം, കയ്യൂരേക്ക് തേജസ്വിനിയിലൂടെ തോണിയിലാണ് വന്നത്. ആ സന്ദർശന സമയത്ത് കുടുംബങ്ങൾക്ക് സഹായധനം കൈമാറി. പാർടി താലൂക്ക് സെക്രട്ടറി കെ മാധവൻ, കന്നഡ നോവലിസ്‌റ്റ് നിരഞ്ജന, പി സി കാർത്യായനിക്കുട്ടിയമ്മ എന്നിവരും തോണിയാത്രയിൽ ഒപ്പമുണ്ടായിരുന്നു.
Related News

0 comments