അതുക്കും മേലെ മൂല്യം.... കൂണാ കൂൺ

  ‘ന്യൂട്രി ബഡ്സ്’  മഷ്റൂം ഫാം

സച്ചിൻ ജി പൈ ഇടത്തോട്ടെ ‘ന്യൂട്രി ബഡ്സ്’ മഷ്റൂം ഫാമിൽ

വെബ് ഡെസ്ക്

Published on Mar 16, 2025, 03:00 AM | 1 min read

പരപ്പ

കൂണിന്റെ വെൺമ കണ്ടുള്ള ആത്മവിശ്വാസമാണ് ചെറുപ്രായത്തില്‍ സച്ചിൻ ജി പൈയെ സംരംഭകനാക്കിയത്‌. കുടുംബത്തെ ആശ്രയിക്കാതെ സ്വന്തം കാലിൽനിൽക്കാനാണ്‌ കൂൺ കൃഷി തുടങ്ങിയത്‌. ക്രമേണ കൂണിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങളും തയാറാക്കി വിപണിയിലിറക്കിയതോടെ സച്ചിന്റെ സംരംഭം ഹിറ്റ്‌. കൂണ്‍ കൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ കൃഷിവകുപ്പ് എസ്എച്ച്എംആര്‍കെവിവൈ റാഫ്താര്‍ പദ്ധതിയില്‍ നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിലാണ്‌ സച്ചിന്റെ കൃഷി വിജയവും ശ്രദ്ധയായത്‌. ബിരുദാനന്തരബിരുദത്തിനുശേഷം കൃഷി വകുപ്പിന്റെ സഹായത്തോടെയാണ് സച്ചിന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഇടത്തോട് ‘ന്യൂട്രി ബഡ്സ്’ മഷ്റൂം ഫാം സ്ഥാപിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ഇവിടെനിന്ന്‌ കൂൺ കയറ്റുമതി ചെയ്യുന്നു. കൂൺ കൃഷിയുടെ വെൺമ നിറഞ്ഞ ലോകം പ്രതീക്ഷയുടെ പുതിയ ആകാശമാണു കർഷകർക്കായി തുറക്കുന്നതെന്ന് സച്ചിൻ പറഞ്ഞു. വീട്ടുവളപ്പിലും ടെറസിലുമെല്ലാം നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത ഷെഡുകളിൽ കൂൺ കൃഷി ചെയ്യാം. കൃത്യമായ പരിചരണം നൽകിയാൽ വിത്തിട്ട്‌ രണ്ടുമാസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാമെന്നും സച്ചിൻ പറഞ്ഞു. കാഞ്ഞങ്ങാട്‌ പുതിയകോട്ട വസന്തഭവൻ ഹോട്ടലുടമ ഗോപാലകൃഷ്‌ണ പൈയുടെയും ജയയുടെയും മകനാണ്‌ കാർഷിക സർവകലാശാലയിൽനിന്ന്‌ എംഎസ്‌സി അഗ്രിക്കൾച്ചർ എൻഡമോളജിയിൽ ബിരുദാനന്തര ബിരുദദാരിയായ സച്ചിൻ.


100 ഉൽപാദക യൂണിറ്റ്‌ വരുന്നു

100 ചെറുകിട ഉൽപാദന യൂണിറ്റ്‌, രണ്ടു വന്‍കിട ഉൽപാദന യൂണിറ്റ്‌, കൂണ്‍വിത്ത് ഉൽപാദന യൂണിറ്റ്, മൂന്നു സംസ്‌കരണ യൂണിറ്റ്, രണ്ടു പാക്കിങ് ഹൗസ്‌, 10 കമ്പോസ്റ്റ് ഉൽപാദന യൂണിറ്റുകള്‍ എന്നിവ ചേര്‍ന്നതാണ് കൂണ്‍ഗ്രാമം പദ്ധതി. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിയി തിരഞ്ഞെടുത്ത സംസ്ഥാനത്തെ 20 ബ്ലോക്കുകളില്‍ പരപ്പ ബ്ലോക്കും ഉള്‍പ്പെടുന്നു. ഇടത്തോട് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ എന്‍ ജ്യോതി കുമാരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി രാഘവേന്ദ്ര, ജോസഫ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു. പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി എസ് സുജിതമോള്‍ സ്വാഗതവും ബളാല്‍ കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍ നന്ദിയും പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home