സമയ മാനദണ്ഡം കബഡി മത്സരത്തിന്റെ ആവേശം കെടുത്തുന്നു

മാവിലാകടപ്പുറത്ത് സംഘടിപ്പിച്ച കബഡി മത്സരത്തിൽനിന്ന്
തൃക്കരിപ്പൂർ
കബഡി ടൂർണമെന്റിൽ സമയത്തിലെ മാനദണ്ഡം കളിയുടെ ആവേശം കെടുത്തുന്നു. മാവിലാകടപ്പുറം റെഡ് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റാണ് 18 സെക്കന്റ് വില്ലനായി വന്നത്. കഴിഞ്ഞ ഞായറാഴ്‌ച മാവിലാകടപ്പുറത്ത് സംഘടിപ്പിച്ച കബഡി ടൂർണമെന്റിലാണ് 28 മത്സരം കഴിഞ്ഞ് ആദ്യ സെമിഫൈനൽ മത്സരത്തിനായി അർഹത നേടിയ പീപ്പിൾസ് എരിഞ്ഞിക്കീൽ, റെഡ്‌സ്‌റ്റാർ കുറുന്തൂർ എന്നീ ടീമുകൾ സമയക്രമത്തെ ചൊല്ലി മത്സരം ബഹിഷ്കരിച്ചത്. 10 മണിക്ക് മുമ്പായി സെമി മത്സരം ആരംഭിക്കണമെന്നാണ് കോഡിനേഷൻ കമ്മിറ്റി തീരുമാനം. ഇതനുസരിച്ച് സംഘാടകർ എല്ലാ ക്രമീകരണവും ഒരുക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന മത്സരത്തിൽ ഒരു കളിക്കാരന് പരിക്ക് പറ്റിയതുകാരണം ഒരു മിനിറ്റ് മത്സരം വൈകി. ഇതേ തുടർന്ന് സെമി ആരംഭിക്കാൻ 10.18 ആയി. മാനദണ്ഡം പ്രകാരം 18 സെക്കന്റ് വൈകിയെന്ന് പറഞ്ഞാണ് ആയിരക്കണക്കിന് കാണികളെയും സംഘാടകരെയും നിരാശരാക്കി ടീമുകൾ കോർട്ടിൽ റിപ്പോർട്ട് ചെയ്‌ത ശേഷം ഇറങ്ങിപ്പോയത്. കോഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശമുണ്ടെന്നായിരുന്നു വാദം. 9:58നുതന്നെ അവസാന ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞ് ആദ്യ സെമിക്കുള്ള ടീമുകൾ പത്തിനകം റിപ്പോർട്ട് ചെയ്യുകയും മത്സരം ആരംഭിക്കാൻ അമ്പയർ ടോസ് നൽകുകയും ചെയ്ത ശേഷമാണ് ഇരു ടീമുകളും സമയം അതിക്രമിച്ചെന്ന വാദം ഉന്നയിച്ചു കോർട്ടിൽനിന്നും ഇറങ്ങിപ്പോയത്. ഈ സമയം ഗാലറിയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് പുറമെ മുപ്പത്തി ആറായിരത്തിലേറെ പേർ ഓൺലൈനിലും കളി കാണുന്നുണ്ടായിരുന്നു. ഉദ്ഘാടകനായെത്തിയ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി വി ബാലൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി പി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ടീം പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും സമയ ക്രമം പറഞ്ഞ് സെമി ഫൈനൽ ബഹിഷ്കരിക്കുകയായിരുന്നു. കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിനുമിടയാക്കി.
0 comments