ലഹരിക്കെതിരെ മനുഷ്യച്ചങ്ങല

ലഹരിക്കെതിരെ കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര, ജില്ലാ പൊലീസ് മേധാവി വിജയഭാരത് റെഡി, നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത തുടങ്ങിയവർ കണ്ണികളായി പ്രതിജ്ഞ ചൊല്ലുന്നു
കാഞ്ഞങ്ങാട്
ലഹരിക്കെതിരെ കാഞ്ഞങ്ങാട് നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത മനുഷ്യച്ചങ്ങല. കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് ലഹരിക്കെതിരെ, കൈകോർക്കാം യുവതക്കായ് എന്ന സന്ദേശമുയർത്തി മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. സ്മൃതി മണ്ഡപം മുതൽ കോട്ടച്ചേരി വരെയാണ് ചങ്ങല തീർത്തത്. സ്‌മൃതി മണ്ഡപത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര ആദ്യ കണ്ണിയായി. ജില്ലാ പൊലീസ് മേധാവി വിജയ ഭാരത് റെഡ്ഡി, നഗരസഭാ ചെയർപേർസൺ കെ വി സുജാത, അഡ്വ. അപ്പുക്കുട്ടൻ, ഡോ. സി ബാലൻ, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, ഫാ. ജോൺസൺ അപ്പോസ്തലസ് തുടങ്ങിയവർ കണ്ണികളായി. വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിത കർമസേനാംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, നഴ്സിങ് വിദ്യാർഥികൾ, എൻഎസ്‌എസ് കേഡറ്റുകൾ, വിവിധ ലഹരിവിരുദ്ധ സമിതികൾ, ക്ലബ്, ഗ്രന്ഥശാല, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരും അണിചേർന്നു. വ്യാപാരഭവനിൽ സംഘടിപ്പിച്ച സെമിനാർ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് ഉദ്‌ഘാടനംചെയ്തു. പി അജിത് കുമാർ അധ്യക്ഷനായി. വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, പി പി മഹേഷ്, എ പി സുരേഷ്, എം സദാശിവൻ എന്നിവർ സംസാരിച്ചു. പി രവീന്ദ്രൻ സ്വാഗതവും കെ പി വി രാജീവൻ നന്ദിയും പറഞ്ഞു.
0 comments