മികവോടെ വീണ്ടും പരപ്പ ബ്ലോക്ക്

ആസ്പിരേഷണൽ ബ്ലോക്ക് വിഭാഗത്തിൽ പ്രധാനമന്ത്രിയുടെ ദേശീയ പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മിക്ക് കലക്ടർ കെ ഇമ്പശേഖർ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കൈമാറുന്നു

സ്വന്തം ലേഖകൻ
Published on Apr 29, 2025, 02:00 AM | 1 min read
കാസർകോട്
ആസ്പിരേഷണൽ ബ്ലോക്ക് വിഭാഗത്തിൽ പ്രധാനമന്ത്രിയുടെ പുരസ്കാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിന് നേടാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ പരപ്പ ബ്ലോക്കിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ആദരവ് നൽകുന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ജൂണിൽ 463 സ്ഥാനത്തായിരുന്ന പരപ്പ ബ്ലോക്ക് ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെയാണ് മികവ് തെളിയിച്ചത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കിനാനൂർ കരിന്തളം, കോടോം ബേളൂർ, പനത്തടി, ഈസ്റ്റ് എളേരി, കള്ളാർ, വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതികളെയും പഞ്ചായത്തിന് കീഴിൽ വരുന്ന ആശ, അങ്കണവാടി, ഡോക്ടർമാർ, കൃഷി ഓഫീസർമാർ, ട്രൈബൽ വകുപ്പ് ജീവനക്കാർ എന്നിവരെയും കലക്ടർ അഭിനന്ദിച്ചു. മാസംതോറും യോഗങ്ങൾ ചേർന്ന് 20 സൂചകങ്ങൾക്കായി മൈക്രോ പ്ലാൻ തയ്യാറാക്കിയും 12 സൂചകങ്ങളിലെ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിച്ചും മുന്നോട്ടുപോയതാണ് ലക്ഷ്യത്തിലെത്താൻ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചത്. ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി മൂന്നരക്കോടി രൂപ നീതി അയോഗിൽനിന്ന് ലഭിച്ചു. അതിൽ ഒന്നര കോടിയുടെ 55 ആരോഗ്യ സബ് സെന്ററുകൾ തുടങ്ങും. റിവോൾവിങ് ഫണ്ട് വിതരണത്തിനായി 1712 അക്കൗണ്ടുകൾ തുറന്നു. ദേശീയ പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മിക്ക് കലക്ടർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റുമാർക്കും ആദരപത്രം സമർപ്പിച്ചു. ആരോഗ്യ വകുപ്പ്, വനിത ശിശു ക്ഷേമം, കൃഷി, മൃഗസംരക്ഷണം, പട്ടിക വർഗം, കുടുംബശ്രീ, വിദ്യാഭ്യാസം, ജല അതോറിറ്റി, ഐടി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവരെയും കലക്ടർ ആദരിച്ചു.
0 comments