നെഹ്‌റു യുവകേന്ദ്രയുടെ പേരുമാറ്റത്തിനെതിരെ യുവജന മാർച്ച്

കാസർകോട്
നെഹ്‌റു യുവകേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്ര സർക്കാറിന്റെ ചരിത്ര വിരുദ്ധമായ നടപടിക്കെതിരെ നെഹ്റു യുവകേന്ദ്ര ജില്ലാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നതിനായി 1972 ൽ സ്ഥാപിതമായ നെഹ്റു യുവ കേന്ദ്ര, കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിച്ചത്. കഴിഞ്ഞ ദിവസമാണ് നെഹ്റു യുവ കേന്ദ്രയുടെ വെബ്സൈറ്റുകളിലും മറ്റും പേര് മാറ്റിയത്. ഹിന്ദിയിൽ മേരാ യുവഭാരത് എന്നും ഇംഗ്ലീഷിൽ മൈ ഭാരത് എന്നുമാണ് പുതിയ പേര്. പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവ കേന്ദ്ര കോഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പുമുണ്ട്. പേരുമാറ്റത്തിന് കാരണമൊന്നും പറഞ്ഞിട്ടില്ല. പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എ വി ശിവപ്രസാദ്, സാദിഖ് ചെറുഗോളി, വൈസ് പ്രസിഡന്റ് കെ വി നവീൻ, എം വി രതീഷ്, നസറുദ്ദീൻ മലങ്കരെ, സുഭാഷ് പാടി എന്നിവർ സംസാരിച്ചു.
0 comments