ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവിന്റെ മണ്ണ്

മണ്ണിന്റെ മക്കളോട് നേരിട്ട് സംവദിക്കുന്ന ജനകീയ സംവാദ ശൈലിയായിരുന്നു എ കെ ജിയുടേത്. അക്കാലത്തെ എ കെ ജിയുടെ പൊതുയോഗം ചിത്രകാരന്റെ ഭാവനയിൽ
കാസർകോട്
പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും കാസർകോടിന്റെ ശബ്ദം ആദ്യ പാർലമെന്റ് കാലത്തുതന്നെ മുഴങ്ങിക്കേട്ടു. പ്രതിപക്ഷ നേതാവ് എന്ന ഔദ്യോഗിക സ്ഥാനമില്ലെങ്കിലും പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ് എന്ന അർഥത്തിൽ 1957 മുതൽ ‘67 വരെ എ കെ ജി ജയിച്ചുവന്ന മണ്ഡലമായിരുന്നു കാസർകോട്. ആദ്യപ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഏറെ ആദരവോടെ എ കെ ജിയുടെ ശബ്ദം ശ്രവിച്ചു. എന്ത് തിരക്കുണ്ടെങ്കിലും നെഹ്‌റു എ കെ ജിയുടെ പ്രസംഗം കേൾക്കാൻ പാർലമെന്റിലെത്തി. ‘മുറിഞ്ഞ ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെങ്കിലും, അദ്ദേഹം പറയുന്ന സാമൂഹ്യ യാഥാർഥ്യങ്ങൾ ഒരിക്കലും മുറിഞ്ഞതല്ലെന്ന്’ നെഹ്‌റു തന്നെ പാർലമെന്റിൽ പറഞ്ഞു. 1957 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 5,145 വോട്ടിന്റെ ഭൂരിപക്ഷത്തിനാലാണ് എ കെ ജി ആദ്യം എംപിയാകുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായ ബി എ ഷേണായിയെയാണ് തോൽപ്പിച്ചത്. 1962 ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ദേശീയ നേതാവ് എന്ന നിലയിൽ ഏ കെ ജിയുടെ സാന്നിധ്യം രാജ്യവ്യാപകമായി. അത്തവണ 83,363 വോട്ടിന്റെ മികച്ച വിജയമാണ് അദ്ദേഹത്തിനുണ്ടായത്. പിഎസ്‌പിയുടെ കെ ആർ കാരന്തിനെയാണ് തോൽപ്പിച്ചത്. ജനസംഘത്തിന്റെ ജി എം ഇല്ലത്ത് എന്ന സ്ഥാനാർഥിയും അന്നുണ്ടായിരുന്നു. മൂന്നാം തവണ 1967 ലും എ കെ ജിയുടെ ഭൂരിപഷം കുത്തനെ കൂടി. 1.185 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. കോൺഗ്രസിന്റെ ടി വി സി നായർ, ജനസംഘത്തിന്റെ എം യു റാവു എന്നിവരായിരുന്നു എതിർസ്ഥാനാർഥികൾ. കാസർകോട് അടക്കമുള്ള വടക്കൻ മണ്ണിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങൾ തൊട്ടറിഞ്ഞ ജനകീയ നേതാവായിരുന്നു എ കെ ജി. ജില്ലയിലെ അക്കാലത്തെ എല്ലാ കർഷക സമരങ്ങളുടെയും മുന്നണിയിലും പിന്നണിയിലും എ കെ ജിയുടെ ആഹ്വാനമുണ്ടായിരുന്നു. കർഷകരും ദളിതരും നിരക്ഷരരും അടങ്ങുന്ന ബഹുജന സമൂഹത്തോട്, അവരുടെ ഭാഷയിൽ എ കെ ജി സംവദിച്ചു. ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി നിരന്തരം സമരത്തിലേർപ്പെട്ടു.
Related News

0 comments