എരിയുന്നുണ്ട് എരിക്കുളത്തെ മൺപാത്രം

ജീവിത ചക്രം തിരിക്കാൻ മൺപാത്ര നിർമാണത്തിലേർപ്പെട്ട എരിക്കുളത്തെ രാമനും ഭാര്യ തമ്പായിയും
മടിക്കൈ പുതിയ കാലത്തിന്റെ വേഗ പാച്ചിലിൽ പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെട്ട പരമ്പരാഗത വ്യവസായമാണ് മടിക്കൈ എരിക്കുളത്തെ മൺപാത്ര നിർമാണം. പ്രമാണിമാരുടെ മുതല്‍ സാധാരണക്കാരന്റെ കുടിലുകളിൽവരെ സര്‍വ പ്രൗഢിയും മണ്‍പാത്രങ്ങള്‍ക്ക് ഒരു കാലത്ത് ലഭിച്ചു. ഇന്ന് ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്. അടുക്കളയിലെ ന്യൂജൻ മാറ്റങ്ങൾ മൺകലങ്ങളെ പടിക്ക് പുറത്താക്കി. എന്നാൽ പ്രതിസന്ധി കാലത്തും മണ്‍പാത്ര നിര്‍മാണ മേഖലയെ നെഞ്ചോട് ചേര്‍ത്തു വെക്കുകയാണ് എരിക്കുളത്തുകാർ. നൂറുകണക്കിന് കുടുംബങ്ങൾ ഇന്നും ഇവിടെ മൺപാത്ര നിർമാണത്തിലൂടെ വരുമാനം കണ്ടെത്തുന്നു. വിഷു, ഓണം വിപണിയിൽ എത്തുന്ന മൺ കലങ്ങളിൽ ഡിമാൻഡ് എന്നും എരിക്കുളത്തെ മൺകലങ്ങൾക്കാണ്. ഈ വർഷത്തെ വിഷുക്കാല വിപണിയെ പ്രതീക്ഷയോടെയാണ് ഇവർ കാത്തിരിക്കുന്നത്. വിഷു വിപണിയി ലേക്കുള്ള വിഷു കണിചട്ടികളുടെ നിർമാണ ഒരുക്കത്തിലാണ് എരിക്കുളം. 40 വർഷത്തിലധികമായി മൺപാത്ര നിർമാണം തുടർന്നു വരുന്നവരും ഇവർക്കിടയിലുണ്ട്. മണ്ണ് ശേഖരിക്കുന്നത് മുതൽ പാത്രങ്ങളിൽ ചൊട്ടകുത്തുന്നതുവരെ അതിസൂക്ഷ്‌മത ഈ ജോലിക്ക് വേണം. എരിക്കുളം വയലിൽ മണ്ണെടുപ്പ് ഗ്രാമത്തിന്റെ ഉത്സവമാണ്. മൺപാത്ര നിർമാണത്തിനായുള്ള പ്രത്യേക മണ്ണ് ശേഖരിക്കലാണ് ഉത്സവമായി നടക്കുക. നൂറ്റാണ്ടുകളായി നടക്കുന്ന കുശവ സമുദായക്കാരുടെ ആചാരം കൂടിയാണിത്. മേടമാസത്തിലാണ് മണ്ണെടുക്കുന്നത്. ഒരാഴ്‌ച വയലിൽനിന്ന് കളിമണ്ണ് കുഴിച്ചെടുക്കും. ഒരു വർഷത്തെ മൺപാത്ര നിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ പറമ്പിൽ ചെറിയ കുഴിയിൽ സൂക്ഷിക്കും. ചളി, ചൂര്, പൊടിച്ചൂര് എന്നീയിനം മണ്ണാണ് കുഴിച്ചാൽ കിട്ടുന്ന ഇനങ്ങൾ. ഈ മണ്ണ് വീടുകളിലെത്തിച്ച് മൺപാത്ര നിർമാണത്തിന് ആവശ്യമായ രീതിയിൽ കുഴച്ചെടുക്കും. പച്ചക്കറി കൃഷിയിലും മികവു തെളിയിച്ചിട്ടുണ്ട് ഇവിടുത്തെ മുഴുവൻ വീട്ടുകാരും. മൺപാത്ര നിര്‍മാണത്തിനായി കളിമണ്ണ് കുഴിച്ചെടുക്കുന്ന വയലില്‍ തന്നെ പച്ചക്കറി കൃഷി ചെയ്‌ത് വിജയം കൊയ്യുകയാണ് ഇവര്‍. അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ വീടുകളുടെ അടുക്കള കൈയടക്കിയപ്പോൾ മൺപാത്ര നിർമാണത്തില്‍ ഏർപ്പെടുന്നവർ കുലത്തൊഴിൽ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. വീടുകളിൽ ഗ്യാസ് സ്റ്റൗ സ്ഥാനം പിടിച്ചതും മൺകലങ്ങൾക്ക് തിരിച്ചടിയായി. പുതുതലമുറ നിർമാണം പഠിച്ചെടുക്കാൻ വൈമനസ്യം കാണിക്കുന്നതും ഈ പരമ്പരാഗത തൊഴിലിന് പ്രതിസന്ധിയാകുകയാണ്. കളിമണ്ണ് വയലുകളിൽ കുറഞ്ഞതും അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതും കൂടുതൽ പേർ ഈ മേഖലയെ ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്.
Related News

0 comments