ആരോഗ്യ കേന്ദ്രത്തിനുവേണം ആധുനിക കെട്ടിടം

പെരിയ പുല്ലൂർ
പെരിയ പഞ്ചായത്തിലെ ചാലിങ്കാലിൽ ആധുനിക കെട്ടിടസൗകര്യങ്ങളോടെ ആരോഗ്യകേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. ചാലിങ്കാലിലെ പുല്ലൂർ പെരിയ പഞ്ചായത്ത് ഓഫീസിന് സമീപത്തായി നാല് വർഷം മുമ്പ് വരെ ഒരു കുടുംബക്ഷേമ കേന്ദ്രമുണ്ടായിരുന്നു. ഓടിട്ട ചെറിയ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ദേശീയപാത വികസനത്തിന്റെ ഭാഗമായി മറ്റ് കെട്ടിടങ്ങൾക്കൊപ്പം ഈ കെട്ടിടവും പൊളിച്ചുനീക്കി. ഇതിനുശേഷം ചാലിങ്കാൽ മൊട്ടയിലെ വൈദ്യുതിയും വെള്ളവുമില്ലാത്ത ഇടുങ്ങിയ മുറിയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഹെൽത്ത് വെൽനസ് സെന്റർ എന്ന പേരിലാണ് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെൽത്ത് നഴ്‌സ്, ജീവനക്കാരി, മൂന്ന് ആശാ വർക്കർമാർ എന്നിവരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്തതും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഇവർക്ക് ദുരിതമാകുന്നു. ജീവിത ശൈലീരോഗങ്ങളുടെ പരിശോധനയും കുട്ടികൾക്കുള്ള പ്രതിമാസ കുത്തിവയ്‌പ്പ്, സ്ത്രീകൾക്കുള്ള ഗർഭകാല ശുശ്രൂഷ തുടങ്ങിയവയും കുടുംബക്ഷേമകേന്ദ്രത്തിൽ നടത്തുന്നുണ്ട്. വ്യാഴാഴ്ചകളിലാണ് പ്രഷറും ഷുഗറും പരിശോധിക്കുന്നത്. കിടപ്പ് രോഗികളെ കേന്ദ്രീകരിച്ചുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങളും ആതുരാലയത്തിന്റെ ചുമതലയിൽപ്പെടുന്നു. അസുഖബാധിതരായ 65നും 75നും മുകളിൽ പ്രായമുള്ള രോഗികളെ വീടുകളിലെത്തി സന്ദർശിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ആശാവർക്കർമാരുടെ പ്രവർത്തനവും സജീവമാണ്. ബോധവത്ക്കരണക്ലാസുകളും നടത്തുന്നു. എന്നാൽ അസൗകര്യവും ചൂടും മറ്റ് ബുദ്ധിമുട്ടുകളും കാരണം അധികസമയം കെട്ടിടത്തിൽ ആർക്കും ഇരിക്കാനാകുന്നില്ല. കൂടുതൽ വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് ആരോഗ്യകേന്ദ്രം മാറ്റിയാൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ചാലിങ്കാലിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് നാർക്കുളം ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപത്തായി ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം കണ്ടെത്തയിട്ടുണ്ട്. ചാലിങ്കാൽ സായംപ്രഭ പകൽ വിശ്രമകേന്ദ്രത്തിന് സമീപത്തായിരിക്കും കെട്ടിടം നിർമിക്കുക. ഇതിനുവേണ്ട സ്ഥലമെടുപ്പും ടെൻഡറും അടക്കമുള്ള നടപടി പൂർത്തിയായിട്ടുണ്ട്. നേരത്തെ ദേശീയപാതയോരത്തുണ്ടായ കെട്ടിടം പൊളിച്ചുമാറ്റിയപ്പോൾ ലഭിച്ച നഷ്ടപരിഹാരതുക ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
0 comments