പരപ്പ ബ്ലോക്ക് പഞ്ചായത്ത് വീണ്ടും ദേശീയ പുരസ്കാര നിറവിൽ

എം ലക്ഷ്മി
പരപ്പ
ദേശീയ പുരസ്‌കാരത്തിന്റെ നിറവിൽ വീണ്ടും പരപ്പ ബ്ലോക്ക് പഞ്ചായത്ത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം വിജയകരമായി നടത്തിയതിലൂടെ പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ 2024 പുരസ്‌കാരമാണ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്. സിവിൽ സർവീസ് ദിനമായ 21ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ കെ ഇമ്പശേഖർ പുരസ്കാരം ഏറ്റുവാങ്ങും. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ സേവനങ്ങളും, അടിസ്ഥാന സൗകര്യ വികസനം, ഗോത്ര വർഗ മേഖലകളിലെ പ്രത്യേക പ്രവർത്തനം, സംരംഭകത്വ വികസനം, സാമൂഹിക വികസനം എന്നീ മേഖലകളുടെ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. ഇതിനായി കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മികച്ച ആസൂത്രണത്തിൽ വികസന ക്ഷേമ പ്രവർത്തന ത്തിലെ വിടവുകൾ കണ്ടെത്തി പരിഹരിച്ചാണ് നേട്ടം കൈവരിച്ചത്. രാജ്യത്തെ 264 ആസ്പിരേഷണൽ ബ്ലോക്കുകളെ മറികടന്നാണ് പരപ്പ മുന്നിലെത്തിയത്. ദക്ഷിണേന്ത്യയിലെ മികച്ച ബ്ലോക്ക് പഞ്ചായത്തായും തുടർന്ന് രാജ്യത്തെ രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായും പരപ്പ നേരത്തെ അംഗീകാരം നേടിയിരുന്നു. മൂന്നര കോടി രൂപയുടെ പുരസ്‌കാരവും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിരുന്നു. സർക്കാർ പദ്ധതികളുടെ ഫണ്ടുകൾക്ക് പുറമെ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കൂടി ഉപയോഗിച്ചുള്ള സമഗ്ര വികസന പ്രവർത്തന രീതിയാണ് ബ്ലോക്കിൽ സ്വീകരിച്ചത്. പഞ്ചായത്ത് ഭരണസമിതികൾ, ജില്ലാ പ്ലാനിങ് ഓഫീസ്, ത്രിതല പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ ആത്മാർത്ഥ സഹകരണവും കലക്ടറുടെ പിന്തുണയും ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചെന്ന് പ്രസിഡന്റ് എം ലക്ഷ്മി പറഞ്ഞു.
0 comments