കിദൂർ പക്ഷി ഗ്രാമത്തിലെത്തൂ ചിറകുള്ള കൂട്ടുകാരുടെ കലപില കേൾക്കാം

കിദൂരിലെ - മഞ്ഞവരിയന്‍ പ്രാവ്
കാസർകോട്
ചെങ്കല്‍ കുന്നുകൾക്കിടയിൽ പ്രകൃതിയുടെ തനത് ജലസംഭരണകേന്ദ്രങ്ങളായ പള്ളങ്ങൾ. ഇവയ്ക്കരികിൽ കാഞ്ഞിരമരങ്ങളും മുള്ളുവേങ്ങയും നിറഞ്ഞുനിൽക്കുന്ന പ്രത്യേക ആവാസ വ്യവസ്ഥ. കുമ്പള പഞ്ചായത്തിലെ കിദൂരിൽ എത്തിയാൽ ഈ മനോഹര കാഴ്ചയ്ക്കുമപ്പുറം കലപിലകലപിലെയുള്ള കിളിയൊച്ചയും സഞ്ചാരികളെ ആകർഷിക്കും. കാസർകോട് ആരിക്കാടിയിൽനിന്നും ഏഴുകിലോമീറ്റർ മാറിയാണ് കിദൂർ പക്ഷിഗ്രാമം. പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ഇഷ്ടകേന്ദ്രമായ കിദൂരിൽ ഇതുവരെ 152 വ്യത്യസ്ത ഇനം പക്ഷികളെ കണ്ടെത്തി. വംശനാശം നേരിടുന്ന ചാരത്തലയൻ ബുൾബുൾ, വെള്ളഅരിവാൾ കൊക്കൻ, കടൽക്കാട, ചേരക്കോഴി, വാൾകൊക്കൻ എന്നിയവയുൾപ്പടെ 38 ദേശാടനപ്പക്ഷികളെയാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന കൊമ്പൻ വാനമ്പാടി, ചാരത്തലയൻ ബുൾബുൾ, ഗരുഡൻ ചാരക്കാളി, ചെഞ്ചിലപ്പൻ, ചാരവരിയൻ പ്രാവ് തുടങ്ങിയവയുമുണ്ട്. -മഞ്ഞവരിയന്‍ പ്രാവുകളാണ് (orange breasted Green pigeon) മറ്റൊരു ആകർഷണം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടായ്മയായ ‘ഇ ബേർഡ്സിൽ'കിദൂരിൽനിന്നുമാത്രം അനേഗം പക്ഷി വർഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് പല സ്ഥലങ്ങളിൽ നിന്നും പക്ഷിനിരീക്ഷകരും ഗവേഷകരും ഇവിടെയെത്തുന്നു. നിരീക്ഷകർക്ക് സൗകര്യമൊരുക്കാൻ കാസർകോട് വികസന പാക്കേജിൽ 60 ലക്ഷം രൂപ ചെലവഴിച്ച് ഒരു ആധുനിക ഡോർമെറ്ററി നിർമിക്കുന്നുണ്ട്. കിദൂർ പക്ഷി ഗ്രാമം ടൂറിസം ഹബ്ബായി ഉയർന്നുവരുമ്പോൾ പരിസര പ്രദേശങ്ങളായ ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം എന്നിവയും വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാകും. ടൂറിസം വകുപ്പിന്റെ ഇക്കോ ടൂറിസം പോയിന്റായി കിദൂരിനെ പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
0 comments