Deshabhimani

നിയമമുണ്ടായിട്ടും സ്‌ത്രീവിവേചനം തുടരുന്നു

കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി കുറ്റിക്കോലിൽ സംഘടിപ്പിച്ച ‘ലിംഗനീതിയുടെ മാനങ്ങൾ’  സെമിനാർ ഡോ. ടി എൻ സീമ ഉദ്‌ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി കുറ്റിക്കോലിൽ സംഘടിപ്പിച്ച ‘ലിംഗനീതിയുടെ മാനങ്ങൾ’ സെമിനാർ ഡോ. ടി എൻ സീമ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 19, 2025, 03:00 AM | 2 min read

കുറ്റിക്കോൽ

തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുള്ള രാജ്യത്ത്‌ ജീവിക്കുന്നവരായിട്ടും ലിംഗ അസമത്വത്തിന്റേതായ പലതരം വിവേചനത്തിലൂടെയാണ്‌ നാം കടന്നുപോകുന്നതെന്ന്‌ സിപിഐ എം സെമിനാർ. കാഞ്ഞങ്ങാട്ട്‌ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുറ്റിക്കോലിൽ സംഘടിപ്പിച്ച ‘ലിംഗനീതിയുടെ മാനങ്ങൾ’ എന്ന സെമിനാറിലാണ്‌ അഭിപ്രായം ഉയർന്നത്‌. ലിംഗ വ്യത്യാസമില്ലാത്ത അധികാരവും അവകാശവും അവസരങ്ങളും ലഭ്യമാക്കുക എന്നതാണ്‌ ലിംഗതുല്യത എന്നതുകൊണ്ട്‌ അർഥമാക്കുന്നതെന്ന്‌ സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ ഡോ. ടി എൻ സീമ പറഞ്ഞു. ലിംഗതുല്യതയ്‌ക്കായി ആദ്യം ഉറപ്പാക്കേണ്ടത്‌ ലിംഗനീതിയാണ്‌. ലിംഗ അസമത്വം അവസാനിപ്പിച്ച്‌ അവിടെ നീതി ഉറപ്പാക്കുക എന്നതാകണം ഏറ്റവും പ്രധാനം. പ്രാദേശിക ഭരണ മേഖലയിൽ ലിംഗനീതി ഉറപ്പുവരുത്താൻ കേരളത്തിലെങ്കിലും ഇന്ന്‌ കഴിഞ്ഞു. 53 ശതമാനത്തോളം സ്‌ത്രീകളെ പ്രാദേശിക അധികാരത്തിൽ കൊണ്ടുവരാൻ നമുക്ക്‌ കഴിഞ്ഞു. ഇന്ത്യയിൽ ഓരോ 16 മിനുറ്റിലും ഒരു സ്‌ത്രീ ലൈംഗികാതിക്രമം നേരിടുന്നു. ഓരോ 29 മിനുറ്റിലും ഒരു പെണ്ണുടൽ ബലാത്സംഗത്തിനിരയാകുന്നു. ഭരണഘടനയിൽ ഇത്രയൊക്കെ നിയമമുണ്ടായിട്ടും ഇതാണ്‌ അവസ്ഥ. കേവലം ഒരു നിയമം ഉണ്ടായി എന്നതുകൊണ്ടുമാത്രം അതിന്റെ ആനുകൂല്യം എല്ലാ ജനങ്ങൾക്കും ഒരേപോലെ ലഭിക്കുന്നില്ല. വളരെ അസമമായ സമൂഹമായതിനാൽ എല്ലാവർക്കും ഒരേ പോലെ നീതി കിട്ടുന്നില്ല എന്നർഥം. ലിംഗ സമത്വം ഏറ്റവും ആദ്യം അനുഭവിക്കേണ്ട ഇടം വീടാകണം. പുരുഷനൊപ്പം ഏത്‌ റോളും ഏറ്റെടുത്തുനടത്താൻ സ്‌ത്രീക്ക്‌ കഴിയണം. കേരളത്തിൽ അത്‌ താരതമ്യേന കൂടുതൽ സാധ്യമെങ്കിലും ഇന്ത്യയിൽ അതല്ല സ്ഥിതി. പക്ഷെ, കേരളത്തിലും സ്‌ത്രീ പുറത്തേക്കിറങ്ങുമ്പോൾ, ഒരു പൗര എന്ന നിലയിൽ അവൾക്ക്‌ കിട്ടേണ്ട ജനാധിപത്യ അവകാശം പലപ്പോഴും നിഷേധിക്കപ്പെടുന്നുണ്ടെന്നും ടി എൻ സീമ ചൂണ്ടിക്കാട്ടി. സ്‌ത്രീത്വം എന്ന ആശയത്തിൽനിന്ന്‌ പുറത്തുചാടാൻ സ്‌ത്രീക്ക്‌ കഴിയാത്ത പോലെ ആണത്തം എന്ന അവസ്ഥയിൽനിന്ന്‌ പുറത്തുചാടാൻ ആണുങ്ങൾക്കും കഴിയുന്നില്ലെന്ന്‌ തുടർന്ന്‌ സംസാരിച്ച പ്രൊഫ. പി സോന പറഞ്ഞു. ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ അധ്യക്ഷനായി. ഡോ. വി പി പി മുസ്തഫ, എം സുമതി, ഇ പത്മാവതി, സി ബാലൻ, എം അനന്തൻ, വി വി പ്രസന്നകുമാരി, എം ധന്യ എന്നിവർ സംസാരിച്ചു. പി ഗോപിനാഥൻ സ്വാഗതം പറഞ്ഞു. തുടർന്ന് യുവശക്തി അരവത്തിന്റെ തെരുവുനാടകം ‘ജയഭാരതി ടൈലേഴ്‌സ്’ അരങ്ങേറി.



deshabhimani section

Related News

0 comments
Sort by

Home