പാണ്ടിക്കണ്ടംമുതൽ കരിച്ചേരിവരെ ജലസമൃദ്ധി ബാവിക്കര ഷട്ടർ അടച്ചു; തടയണ നിറഞ്ഞു

ബാവിക്കര തടയണയിൽ ഷട്ടർ അടച്ച് തടയണ നിറഞ്ഞപ്പോൾ
ബോവിക്കാനം
ജില്ലാ തലസ്ഥാനത്തിന്റെയും സമീപ പഞ്ചായത്തുകളുടെയും ജലസംഭരണിയായ ബാവിക്കര തടയണയുടെ ഷട്ടർ അടക്കുന്ന പ്രവൃത്തി പൂർത്തിയായി. തിങ്കളാഴ്‌ച ഫൈബർ ഷട്ടറുകളും അനുബന്ധ സാമഗ്രികളും ഇറക്കി മൂന്നുദിവസം കൊണ്ടാണ് ഷട്ടറുകൾ അടക്കുന്ന ജോലി പൂർത്തിയായത്. കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിനാണ് ഷട്ടർ അടച്ചത്. എന്നാൽ ഇത്തവണ മൂന്ന് ആഴ്ച മുമ്പേ സ്ഥാപിച്ചു. വെള്ളത്തിന് ഒഴുക്കുണ്ടെന്നും മൂന്ന് മീറ്റർ ഉയരത്തിൽ വെള്ളം തടയണയിൽ നിറഞ്ഞെന്നും ബാവിക്കര ചെറുകിട ജലസേചന വകുപ്പ് എഇ കെ സന്ദേശ് കുമാർ പറഞ്ഞു. കൂടുതൽ വെള്ളം നിറഞ്ഞാൽ നാല് മെക്കാനിക്കൽ ഷട്ടർ ഉപയോഗിച്ച് വെള്ളം ഒഴുക്കി വിട്ട് തടയണയുടെ ശേഷിക്ക് അനുസരിച്ച് ക്രമീകരിക്കും. ഏകദേശം 300 കോടി ലിറ്റർ വെള്ളം ശേഖരിക്കാൻ തടയണയ്ക്കാവും. പയസ്വിനി-കരിച്ചേരി പുഴകളുടെ സംഗമസ്ഥാനത്തുള്ള തടയണയിൽ വെള്ളം ഉയർന്നതോടെ പയസ്വിനി പുഴയിൽ പാണ്ടിക്കണ്ടം റെഗുലേറ്റർ വരെ ആറര കിലോമീറ്ററും കരിച്ചേരി പുഴയിൽ കായക്കുന്ന് ബിആർഡിസി ചെക്ക് ഡാം വരെയുള്ള ആറര കിലോമീറ്റർ പ്രദേശത്തും വെള്ളമുയർന്നു.
ലക്ഷംപേർ കുടിക്കും വെള്ളം
കാസർകോട് നഗരസഭ, ചെങ്കള, മധൂർ, മുളിയാർ, മൊഗ്രാൽപുത്തൂർ, ചെങ്കള എന്നീ പഞ്ചായത്തുകളിൽ ഒരു ലക്ഷത്തിലധികം പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ബാവിക്കരയെയാണ്. യുഡിഎഫ് ഭരണകാലത്ത് ചന്ദ്രഗിരി പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം പയസ്വിനി പുഴയിലേക്ക് കയറിയിരുന്നു. അതോടെ ഈ പ്രദേശങ്ങളിൽ ഉപ്പ് വെള്ളമാണ് നൽകിയിരുന്നത്. ഇതിനായി താൽക്കാലിക തടയണ നിർമിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുകയും ചെയ്തു. പലരും കരാറിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി സർക്കാരാണ് ജില്ലയുടെയും ഉദുമ മണ്ഡലത്തിന്റെയും അഭിമാന പദ്ധതിയായ ബാവിക്കര തടയണ കിഫ്‌ബിയിലൂടെ യാഥാർഥ്യമാക്കിയത്.
Related News

0 comments