കുമ്പഡാജെയിലും പാതിവിലത്തട്ടിപ്പ് നേതൃത്വം നൽകിയത് യുഡിഎഫ് നേതാക്കൾ


സ്വന്തം ലേഖകൻ
Published on Feb 11, 2025, 03:00 AM | 1 min read
മാർപ്പനടുക്ക
കുമ്പഡാജെ പഞ്ചായത്തിലെ സംസ്ഥാന ലൈബ്രറി കൗൺസിൽ കീഴിലുള്ള അംഗീകൃത വായനശാലയെ മറയാക്കി ലക്ഷങ്ങളുടെ പാതിവിലത്തട്ടിപ്പ്. കുമ്പഡാജെ പഞ്ചായത്ത് ആസ്ഥാനമായ മാർപ്പനടുക്കയിലെ മൈത്രി വായനശാലയാണ് തട്ടിപ്പിന് കൂട്ടുനിന്നത്. പഞ്ചായത്തിലെ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലാണ് ലൈബ്രറിയെ ഏജന്റായി പ്രവർത്തിപ്പിച്ചത്. ഇതോടെ ജില്ലയിലെ ആദ്യത്തെ പാതിവില തട്ടിപ്പ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വായനശാലയുടെ പേരിലുള്ള കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖ വഴി രണ്ട് ഗഡുക്കളായി 33 ലക്ഷം രൂപ തട്ടിപ്പ് കേസിലെ പ്രതി അനന്തകൃഷ്ണന്റെ സ്ഥാപനത്തിന് അയച്ചു കൊടുത്തു. മുസ്ലിം ലീഗ്, കോൺഗ്രസ് നേതൃത്വം നൽകുന്ന വായനശാലയിൽ മാസങ്ങൾക്ക് മുമ്പ് ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പങ്കെടുത്ത പാതിവില സ്കീമിന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലൂടെ സ്കൂട്ടറുകൾ വിതരണം ചെയ്തു. കോൺഗ്രസ് നേതാവായ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. ഇതിന് ശേഷം വായനശാലയുടെ പേരിൽ തട്ടിപ്പ് പദ്ധതിക്ക് ആളെക്കൂട്ടി. 36 സ്കൂട്ടറുകളും നിരവധി ലാപ്ടോപ്പുകളും തയ്യൽ മെഷീനും നൽകാമെന്ന വാഗ്ദാനത്തിൽ പണം പിരിച്ചു. പണം നഷ്‌ടപ്പെട്ടവരിൽ ഭൂരിഭാഗംപേരും സാധാരണക്കാരാണ്. കുടുങ്ങുമെന്നായപ്പോൾ പരാതി പാതിവില തട്ടിപ്പ് പുറത്തായതോടെ അന്വേഷണം വിപുലീകരിച്ചു. ഇതോടെയാണ് പരാതിയുമായി വായനശാല ഭാരവാഹികൾ പുറത്തിറങ്ങുന്നത്. തട്ടിപ്പ് നടത്തിയ സംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ച ഭാരവാഹികൾ മുഖം രക്ഷിനായി പരാതി നൽകിയതെന്നാണ് നാട്ടുകാരും പണമടച്ചവരും പറയുന്നത്. പ്രചാരണം കേരള എൻജിഒ സംഘ് വാട്സ്ആപ്പ് ഗ്രൂപ്പിൽ -ബെള്ളൂരിലെ വിവിധ സർക്കാർ ഓഫീസ് ജീവനക്കാരും തട്ടിപ്പിൽ കുടുങ്ങി. മാർപ്പനടുക്ക വായനശാലയുടെ ഒരു ഭാരവാഹി കെഎസ്ഇബി ജീവനക്കാരനാണ്. ഈ ബന്ധം ഉപയോഗിച്ച് ബെള്ളൂരിലെ നിരവധിയാളുകളിൽനിന്നും പണം വാങ്ങിയിരുന്നു. കേരളാ എൻജിഓ സംഘ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാപകമായി പാതി വില ഓഫർ വന്നിരുന്നു. ഇത് കണ്ട് സംഘ് അനുഭാവികളായ പലരും പണം നൽകി.
Related News

0 comments