ലീഗ് ഓഫീസിൽ കണ്ടെത്തിയ കഞ്ചാവ് പൊലീസിന് കൈമാറി

തൃക്കരിപ്പൂർ
മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ക്ലബ് ഓഫീസിൽനിന്നും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടത്തി ഒതുക്കിതീർത്തത് വിവാദമായതോടെ പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പൊലീസിന് കൈമാറി. പരുത്തിച്ചാൽ മുസ്ലിംലീഗ് ഓഫീസ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തിൽ നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് താഴത്തെ നിലയിലെ ക്ലബ്ബ് ഓഫീസിൽനിന്ന് ഒരു പാക്കറ്റ് കഞ്ചാവ്, സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി വസ്തു, സിറിഞ്ച്, എംഡിഎംഎ സൂക്ഷിച്ച കടലാസ് പൊതി എന്നിവ കണ്ടത്തിയത്. കഞ്ചാവ് പൊതി കണ്ടടുക്കുന്ന മൊബൈൽ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. പിടികൂടിയ വസ്തുക്കൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ തൃക്കരിപ്പൂർ മേഖല കമ്മിറ്റി ചന്തേര പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ എക്സൈസും പൊലീസും കെട്ടിടത്തിൽ പരിശോധന നടത്തി. തുടർന്ന് സ്റ്റേഷനിലെത്തി പിടിച്ചെടുത്ത 10 ഗ്രാം കഞ്ചാവ്, എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ബോട്ടിൽ, പുകയ്ക്കാനുപയോഗിക്കുന്ന പേപ്പർ എന്നിവ ഹാജരാക്കുകയായിരുന്നു.
0 comments