100 അഭിനേതാക്കളുമായി ഡാൻസ് ഡ്രാമ
‘ചിരിക്കുന്ന മനുഷ്യൻ’ നാളെ അരങ്ങിൽ

സൺഡേ തിയേറ്ററും നെരുദാ ഗ്രന്ഥാലയവും ചേർന്ന് അവതരിപ്പിക്കുന്ന ഡാൻസ്ഡ്രാമ
കാസർകോട്
നൂറിലധലികം കലാപ്രവർത്തകർ അണിനിരക്കുന്ന ഡാൻസ് ഡ്രാമ ‘ചിരിക്കുന്ന മനുഷ്യൻ’ ഞായറാഴ്‌ച അരങ്ങിൽ. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കളിവീടായ സൺഡേ തിയേറ്ററും നെരുദാ ഗ്രന്ഥാലയവും ചേർന്നാണ് കേരളത്തിലെ ഏറ്റവും വലിയ ഡാൻസ്ഡ്രാമ അരങ്ങിലെത്തിക്കുന്നത്. 2004ൽ കുറ്റിക്കോലിൽ അരങ്ങേറിയ "പാത്‌സ് ഓഫ് ഇന്ത്യ’ ഡാൻസ് ഡ്രാമയുടെ രണ്ടാം പതിപ്പാണിത്. വിഖ്യാത സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ ചിരിക്കുന്ന മനുഷ്യനെന്ന വിഖ്യാതനോവലിന്റെ രംഗാവിഷ്കാരമാണിത്. വൈകിട്ട് ഏഴിന് കുറ്റിക്കോൽ മഹാവിഷ്‌ണുക്ഷേത്രം മൈതാനത്താണ് അവതരണം. 35 കുട്ടികളും ജില്ലയിലെ 65 നാടക സിനിമ പ്രവർത്തകരും വേഷമിടുന്ന രണ്ടേകാൽ മണിക്കൂർ നാടകം ലോകത്തിന്റെ എക്കാലത്തെയും പ്രശ്നങ്ങളായ പട്ടിണിയും യുദ്ധവും അരക്ഷിതാവസ്ഥയും ഉൾപ്പെടെയുള്ള സാമൂഹ്യവിഷയങ്ങളാണ് പറയുന്നത്. രംഗമുഹൂർത്തങ്ങളിൽ കഥക്ക് അനുബന്ധമായാണ് നൃത്തരംഗങ്ങൾ. ആറുമാസത്തെ ശ്രമകരമായ റിഹേഴ്‌സിലൂടെയാണ് നാടകം ഒരുക്കിയത്. കളക്കര, ഞെരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രാദേശിക സംഘങ്ങളും നാടകത്തിന്റെ ഭാഗമാകും. കെപിഎസി ഹരിദാസ്, രാജേഷ് മാധവൻ, സന്തോഷ് കീഴാറ്റൂർ, നിരഞ്‌ജൻ, കളക്കര രാഘവൻ തുടങ്ങിയവർ അഭിനേതാക്കളിലുണ്ട്. സംവിധായകൻ പ്രിയനന്ദൻ ഉൾപ്പെടെ പ്രമുഖർ കാണികളായെത്തും. ഗോപി കുറ്റിക്കോലാണ് രചനയും സംവിധാനവും. മണിപ്രസാദ് കൊളത്തൂർ സഹസംവിധാനം. ജി സതീഷ് ബാബുവും സുധാകരൻ കാടകവും ചേർന്നാണ് ദീപസംവിധാനം. കെ വി കുമാരൻ , മണി കാവുങ്കൽ കലാസംവിധാനവും രജിത ആര്യ ഞെരു കോസ്റ്റ്യൂം ഡയറക്ടറായും പ്രവർത്തിക്കുന്നു. കലാമണ്ഡലം ശ്രുതി മാധവനാണ് നൃത്തസംവിധാനം. ജി സുരേഷ് ബാബു കൺവീനറും പി വേണുഗോപാലൻ ചെയർമാനുമായ സംഘാടകസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ കോഡിനേറ്റർമാരായ മണികണ്ഠൻ കാവുങ്കൽ, അഭിലാഷ് പുലരി, ശ്രീജിത്ത് കുറ്റിക്കോൽ, സംവിധായകൻ ഗോപി കുറ്റിക്കോൽ എന്നിവർ പങ്കെടുത്തു.









0 comments