Deshabhimani

കാലിക്കടവ്‌ ഫെസ്‌റ്റിൽ തിരക്കേറി

നീലേശ്വരം ബ്ലോക്ക്‌ ഫെസ്‌റ്റിന്റെ ഭാഗമായി കാലിക്കടവിൽ നടന്ന സെമിനാർ

നീലേശ്വരം ബ്ലോക്ക്‌ ഫെസ്‌റ്റിന്റെ ഭാഗമായി കാലിക്കടവിൽ നടന്ന സെമിനാർ ഡോ. വി പി പി മുസ്‌തഫ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 15, 2025, 03:00 PM | 1 min read

കാലിക്കടവ്‌

വലിപ്പവും ഭാരമേറിയതുമായ ചേനയും കപ്പയും എന്ന്‌ വേണ്ട ചേനയും ചേമ്പും കാച്ചിലും എല്ലാം ഒരു കുടക്കീഴിൽ കാണാം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ കാലിക്കടവിൽ സംഘടിപ്പിച്ച ബ്ലോക്ക്‌ ഫെസ്‌റ്റ്‌ പ്രദർശന വിപണന മേളയിൽ. തൊഴിലിനെ അറിയാനും കൃഷിയുടെ മഹത്വം അറിയാനും ഉതകുന്ന രീതിയിലാണ്‌ ഫെസ്‌റ്റ്‌ ഒരുക്കിയിട്ടുള്ളത്‌. പച്ചക്കറി പഴ വർഗങ്ങളുടെ വ്യത്യസ്‌തമായ ഇനങ്ങളുടെ കലവറ തന്നെയാണ്‌ ഇവിടെയുള്ളത്‌. ആകാശ വെള്ളരി, കണി വെള്ളരി, കുമ്പളം നീളൻ കുമ്പളം, കക്കിരി, ഫ്രൂട്ട്‌ കക്കിരി, കപ്പ, ഏത്തക്കപ്പ, കോട്ടയം ചുള്ളി, ഇല്ലിമൂടൻ തുടങ്ങി കപ്പയുടെയും ചേനയുടെയും എല്ലാ പച്ചക്കറികളുടെയും വിവിധയിനങ്ങൾ പ്രദർശനത്തിലുണ്ട്‌. കാർഷിക സംസ്‌കൃതിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന കാർഷിക കലവറയും ഫെസ്‌റ്റിലെ മുഖ്യ ആകർഷണമാണ്‌. പഴയ കാലത്ത്‌ തുന്നാൻ ഉപയോഗിച്ച സൂചി മുതൽ നെല്ല്‌ സൂക്ഷിക്കുന്ന പത്തായം വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അപൂർവയിനം ഔഷധച്ചെടികളും ഇവിടെയെത്തിയാൽ പരിചയപ്പെടാം. ഫെസ്റ്റിന്റെ ഭാഗമായി ‘അരങ്ങിലെത്തിയ സ്ത്രീ -ഇനിയും മുന്നോട്ട്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി ബി ഷീബ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി, എം സുമേഷ്, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. എൻ രവീന്ദ്രൻ സ്വാഗതവും പി ശാന്ത നന്ദിയും പറഞ്ഞു. തുടർന്ന്‌ വിവിധ കലാ പരിപാടികളും അരങ്ങേറി.



deshabhimani section

Related News

0 comments
Sort by

Home