ജനകീയ ഡോക്ടർക്ക് നാടിന്റെ യാത്രാമൊഴി

നീലേശ്വരം
ജനകീയ ഡോക്ടർക്ക് നാട് കണ്ണീരോടെ വിട നൽകി. തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ അലോപ്പതി വിഷചികിത്സാ വിദഗ്‌ധൻ ഡോ. ഹരിദാസ് വേർക്കോട്ടിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ. കോഴിക്കോട്ടെ ആശുപത്രിയിൽനിന്നും മൃതദേഹം ചൊവ്വ രാവിലെ ഒമ്പതോടെ ചിറപ്പുറത്തെ വീട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ ചികിത്സയുടെ കൈപ്പുണ്യം അനുഭവിച്ചവർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് ഡോക്ടറെ അവസാനമായി കാണാനെത്തിയത്. ഡോക്ടറുടെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിവർ ആയിരങ്ങളാണ്. പ്രായമായവരും സ്ത്രീകളും കുട്ടികളും എല്ലാം ഇതിൽപെടും. തങ്ങളുടെ പ്രിയഡോക്ടർ ഇനിയില്ല എന്നറിഞ്ഞപ്പോൾ പലരുടെയും ഹൃദയം വിങ്ങി. നാല് പതിറ്റാണ്ടിലേറെ കാലം ചിറപ്പുറത്തെ അദ്ദേഹത്തിന്റെ ക്ലിനിക്ക് സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി കെ രാജൻ, മുൻ ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺമാരായ ടി വി ശാന്ത, കെ വി സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, വൈസ് പ്രസിഡന്റ് വി പ്രകാശൻ, നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ കെ പി രവീന്ദ്രൻ, പി ഭാർഗവി, മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ വി സുരേഷ്കുമാർ, ഡോ. വി സുരേശൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ഉച്ചയോടെ ചിറപ്പുറത്തെ നഗരസഭാ വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
0 comments