Deshabhimani

ഇടതുചേരിയിലേക്ക്‌ 
വഴിപിരിഞ്ഞ കാലം

കൃഷ്‌ണപിള്ളയും എ കെ ജിയും സംയുക്തമായി നയിച്ച 
കാൽനടമാർച്ച് ചിത്രകാരന്റെ ഭാവനയിൽ

കൃഷ്‌ണപിള്ളയും എ കെ ജിയും സംയുക്തമായി നയിച്ച 
കാൽനടമാർച്ച് ചിത്രകാരന്റെ ഭാവനയിൽ വര: എ ബാലകൃഷ്‌ണൻ

വെബ് ഡെസ്ക്

Published on Jan 18, 2025, 03:00 AM | 1 min read

കാസർകോട്‌

മുപ്പതുകളിൽ ദേശീയ തലത്തിൽ പ്രകടമായ വലത്- ഇടതുചേരിതിരിവുകൾ തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം കാസർകോടും ദൃശ്യമായിരുന്നുവെന്നതിന് തെളിവുണ്ട്. ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചതിനുശേഷം നാട്ടിൽ തിരിച്ചെത്തിയ കെ മാധവന്, 1931 ജനുവരിയിൽ സേലം സെൻട്രൽ ജയിലിൽ നിന്ന് പി കൃഷ്ണപിള്ള അയച്ച കത്ത് പ്രധാന രേഖയാണ്. അതിങ്ങനെ: ‘പ്രീയപ്പെട്ട അനിയാ, ഇന്ന്‌ കോൺഗ്രസിനകത്ത് രണ്ട് ഗ്രൂപ്പുകളുണ്ട് ഒന്ന്, പണക്കാരുടെ കോൺഗ്രസ്‌, മറ്റേത് പാവപ്പെട്ടവരുടെ കോൺഗ്രസും. അനിയൻ രണ്ടാമത് പറഞ്ഞ കോൺഗ്രസിലാണെങ്കിൽ, കൃഷിക്കാരെ സംഘടിപ്പിക്കാൻ പ്രവൃത്തിക്കൂ.' പിൽക്കാലത്ത് കോൺഗ്രസ്‌ സോഷ്യലിസ്റ്റ് പാർട്ടിയുടേയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും യൂണിറ്റുകൾ കാസർകോട് താലൂക്കിൽ രൂപീകരിച്ചപ്പോൾ ഇവ മൂന്നിന്റെയും പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് കെ മാധവനായിരുന്നു. 1938 ൽ കെപിസിസി തിരഞ്ഞെടുപ്പിൽ സംഘടനാ നേതൃത്വം ഇടതുപക്ഷത്തിന്റെ കൈകളിൽ വന്നതിൽ, കാഞ്ഞങ്ങാട്ടെ എ സി കണ്ണൻ നായരുടെ വോട്ട് നിർണായകമായി രുന്നു. കൃഷ്ണപിള്ള, കണ്ണൻ നായരെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് അബ്ദുൾ റഹ്മാൻ സാഹിബിനും സെക്രട്ടറി സ്ഥാനത്തേക്ക് ഇഎംഎസിനും കണ്ണൻ നായർ വോട്ടു ചെയ്തു. കണ്ണൻ നായരുടേതടക്കമുള്ള രണ്ടുവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുൾ റഹ്മാൻ സാഹിബും ഇഎംഎസും കെപിസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത് എന്നത് കാസർകോടിന് അഭിമാനാർഹമാണ്. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർടിയുടെ രൂപീകരണത്തെ തുടർന്ന് ദേശീയ പ്രസ്ഥാനം കൂടുതൽ ജനവിഭാഗങ്ങളുടെ ഇടയിലെത്തി. സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിൽ പുതിയ നേതൃത്വം വലിയ താൽപര്യം പ്രകടിപ്പിച്ചു. കൃഷ്‌ണപിള്ളയും എ കെ ജിയും അടക്കമുള്ള നേതാക്കൾ വടക്കൻ മണ്ണിൽ നടന്നും യോഗങ്ങൾ ചേർന്നും വിളനിലമൊരുക്കി. വിവിധ ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ പാർടി ഒന്നാകെ വ്യാപൃതമായി. കർഷകരെ സംഘടിപ്പിക്കാൻ കർഷകസംഘത്തിന് രൂപം നൽകി. വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളുമെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ പിന്നിൽ അണി നിരക്കാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്.



deshabhimani section

Related News

0 comments
Sort by

Home