മരമില്ലുകളിലെ ഫർണിച്ചർ ഷോപ്പുകൾ തടയാൻ നടപടി വേണം

നീലേശ്വരം
ജില്ലയിലെ മരമില്ലുകൾ കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ ഫർണിച്ചർ ഷോപ്പ് നടത്തുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാർപെന്ററി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ വാർഷിക ജനറൽബോഡി ആവശ്യപ്പെട്ടു. വനം വകുപ്പിന് കീഴിലുള്ള വനങ്ങളിൽ വീണുനശിച്ചുപോകുന്ന തേക്ക് ഉൾപ്പെടെയുള്ള വൻമരങ്ങൾ ഏറ്റെടുത്ത് സർക്കാർ ലേലം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി നാരായണൻ ഉദ്ഘാടനം ചെയ്തു. കെ ബാബു അധ്യക്ഷനായി. സെക്രട്ടറി വി പി രാജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശിൽപ്പകലയ്ക്കുള്ള നാഷണൽ ടാലന്റ് പുരസ്‌കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം എന്നിവ നേടിയ മധു കോതോളി, ആദ്യകാല നേതാക്കളായ കെ ശങ്കരനാരായണൻ, കെ കൃഷ്ണൻ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: കെ ബാബു (പ്രസിഡന്റ്), കെ വി കുഞ്ഞികൃഷ്ണൻ, കെ മോഹനൻ (വൈസ് പ്രസിഡന്റ്), വി പി രാജീവൻ (സെക്രട്ടറി), ബി ചന്ദ്രൻ, ഒ ബാബ (ജോയിന്റ് സെക്രട്ടറിമാർ), ശശികുമാർ (ട്രഷറർ).
0 comments