തളർന്നുപോയ കാലുകൾക്ക് കരുതലായി

തൊടുപുഴ ഭിന്നശേഷിക്കാരനായ വിജു പൗലോസിനും കുടുംബത്തിനും സ്വന്തമായൊരു വീടെന്ന സ്വപ്‍നം യാഥാർഥ്യമായി. കുടുംബത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്റര്‍ സൗജന്യമായി നിര്‍മിച്ചുനല്‍കിയ ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനത്തിന്റെ താക്കോല്‍ സന്തോഷ് ജോര്‍ജ് കുളങ്ങര കൈമാറി. മൂന്നാംവയസില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ വഴിത്തല സ്വദേശി വിജു മാജിക് ഹോം മാതൃകാ ഭവനപദ്ധതിക്ക് അര്‍ഹത നേടുകയായിരുന്നു. വീടിനൊപ്പം എട്ടേകാല്‍ സെന്റ് ഭൂമിയും സ്വന്തമായി. വീല്‍ചെയറും കൈമാറി. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ഡിഫറന്റ് ആർട്സ് സെന്റർ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകൾ നിർമിച്ചുനൽകുന്ന മാജിക്ക്ഹോം പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താവാണ് വിജു പൗലോസ്. റാംപ്, വീല്‍ചെയര്‍ കടന്നുപോകാന്‍ പാകത്തില്‍ വാതിലുകള്‍, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍ എന്നിവ വീടിന്റെ സവിശേഷതയാണ്. 668 ചതുരശ്ര അടിയിയുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറികളുണ്ട്. സംവിധായകന്‍ പ്രജേഷ് സെന്‍, ശാന്തിഗിരി കോളേജ് മാനേജര്‍ ഫാ. പോള്‍ പാറേക്കാട്ടില്‍, പ്രിന്‍സിപ്പാള്‍ ഫാ. ജോസ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിന്റോ, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജര്‍ സി കെ സുനില്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ചെറുപുഷ്‍പം ജെയ്സനുവേണ്ടി മകന്‍ സാം ജെയ്‌സണ്‍, എൻജിനിയര്‍ അനൂപ്, സപ്പോര്‍ട്ടര്‍ ഔസേപ്പച്ചന്‍ എന്നിവരെ ആദരിച്ചു.
0 comments