അനീഷ് വരയ്‌ക്കും വിരിയും ആയിരംവിരിയും ആയിരം

പത്തനംതിട്ട ചുവരിലെ വലിയ മത്സ്യം, ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ, ആരെയും ആകർഷിക്കുന്ന ആനക്കുട്ടി ചുവർചിത്രമോ അതോ ഫോട്ടോയോ എന്ന് ആർക്കും തെല്ല് സംശയം തോന്നും. പത്തനംതിട്ട നഗരസഭ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഹാപ്പിനസ് പാർക്കിന്റെ നിർമാണം പുരോഗമിക്കുമ്പോൾ ഏവരെയും ഒരേ സമയം അദ്‌ഭുതപ്പെടുത്തുകയാണ് അനീഷ് വെട്ടിപ്പുറം എന്ന യുവ ചിത്രകാരൻ. പാർക്കിൽ ഓരോ ദിവസവും പൂർത്തിയാക്കുന്ന ചിത്രങ്ങൾ കാണാൻ സ്ഥിരമായെത്തുന്ന കുട്ടിയുണ്ടെന്ന് അനീഷ് പറഞ്ഞു. അതങ്ങനെയാണ്, അനീഷ് വരയ്‌ക്കുന്ന ചിത്രങ്ങൾ ജീവൻ തുടിക്കുന്നത് മാത്രമല്ല നമ്മുടെ മുഖത്ത് ചിരിപടർത്തുന്നതുമാണ്. പത്തനംതിട്ട മേലേവെട്ടിപ്പുറം തോട്ടുപുറത്ത് അനീഷ് ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങിയിട്ട് പതിനാല് വർഷത്തോളമായി. സ്‌കൂൾ പഠനകാലത്തെ ചിത്രരചനയോട് താൽപര്യമുണ്ടെങ്കിലും ഗൗരവത്തോടെ കാണാൻ തുടങ്ങിയത് മാർത്തോമ സ്‌കൂളിലെ പഠനകാലത്താണ്. സ്‌കൂളിലെ ചിത്രരചന അധ്യാപകനായിരുന്ന നൈനാൻ സാറിന്റെ ഉപദേശമാണ് രചനയെ പ്രൊഫഷനായി എടുക്കാൻ കാരണം. തുടർന്ന് മാവേലിക്കര രാജാരവിവർമ ഫൈനാൻസ് കോളേജിൽ ശിൽപ്പകലയിൽ ബിരുദം നേടി. മേലേവെട്ടിപ്രം സ്‌കൂളിന്റെ ചുവരിൽ വരച്ച ‘സീനറി’യിലാണ് തുടക്കം. ഇത് ശ്രദ്ധനേടിയതോടെ കൂടുതൽ സ്‌കൂളുകളിൽ ചുവർചിത്രങ്ങൾ വരയ്‌ക്കാനാരംഭിച്ചു. ഇതിനിടെ വടശേരിക്കരയിൽ സ്‌കൂളിൽ താൽക്കാലിക ചിത്രരചന അധ്യാപകനായും ജോലി നോക്കി. അങ്കണവാടികളുടെ ഉൾവശം, കുട്ടികളുടെ ഡോക്ടർമാരുടെ പരിശോധന മുറികൾ തുടങ്ങിയവയും അനീഷ് ദൃശ്യമികവുള്ളതാക്കും. പത്തനംതിട്ട ടൗൺ സ്‌ക്വയറിന്റെ ചുവരിലെ കഥകളി ചിത്രം അടുത്തകാലത്ത് ഒരുപാട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സർക്കാർ സ്ഥാപനങ്ങളിലെ ചിത്രങ്ങളും സർക്കാർ വർക്കുകളും ഏറ്റെടുത്ത് ചെയ്യാറുണ്ട്.
0 comments