തീർഥാടനത്തിന് ഇനി രണ്ടുനാൾ; പന്തളവും ഒരുങ്ങി

പന്തളം
മണ്ഡലകാലാരംഭത്തിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും കുളനടയിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. കെഎസ്ഇബി, വാട്ടർ അതോറിറ്റി, ആരോഗ്യവകുപ്പ്, ശുചിത്വ മിഷൻ, പൊലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെല്ലാം സജീവമായി. തീർഥാടനപാതയിൽ ജോലികൾ പുരോഗമിക്കുന്നു. ഒരാഴ്‌ചമുമ്പ് തുടങ്ങിയ ചില ജോലികളാണ് ഇനി പൂർത്തിയാവാനുള്ളത്. കുളിക്കടവിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന ജോലി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന ഊട്ടുപുരയുടെ പിൻഭാഗത്തെ തിണ്ണ, ക്ഷേത്രത്തിന്റെ മേൽക്കൂര, ചുറ്റുവിളക്ക് എന്നിവയുടെ പുനരുദ്ധാരണവും ശൗചാലയങ്ങളുടെയും ടാങ്കിന്റെയും പണികളും കഴിഞ്ഞു. പുതിയ വൈദ്യുതിലൈൻ വലിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. തൂക്കുപാലം, വലിയപാലം എന്നിവയുടെ സമീപത്തെ വഴികളിൽ വിളക്കും ഉച്ചഭാഷിണിയും ഒരുക്കി. ക്ഷേത്രപരിസരത്തെ ശുചീകരണം ആരോഗ്യവകുപ്പ് പരിശോധിച്ചു. അന്നദാന ഹാളിന് താഴെ മലിനജലം ഒഴുക്കി കളയാനുള്ള ടാങ്കിന്റെ പണി ഒരാഴ്‌ചയ്‌ക്കുള്ളിൽ പൂർത്തിയാകും. ക്ഷേത്രവഴിയിൽ വ്യാപാരസ്ഥാപനങ്ങളും ഉയർന്നു തുടങ്ങി.








0 comments