പരാതിയുമായി രക്ഷിതാക്കൾ
ദിവ്യാംഗൻ കോച്ചുകൾ ഭിന്നശേഷി സൗഹൃദമല്ല

സ്വന്തം ലേഖിക
Published on Aug 19, 2025, 12:05 AM | 1 min read
പത്തനംതിട്ട
ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കുള്ള "ദിവ്യാംഗൻ' പ്രത്യേക കോച്ചുകൾക്ക് വീൽചെയർ പോലും കടക്കാത്തവിധം ഇടുങ്ങിയ വാതിലുകളെന്ന് രക്ഷിതാക്കളുടെ പരാതി. റെയിൽവേ ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ച് നൽകി. എന്നാൽ വീൽചെയറിലുള്ള ഒരാൾ എങ്ങനെ കോച്ചിനുള്ളിലേക്ക് പ്രവേശിക്കുമെന്ന് കൂടി റെയിൽവേ കാണിച്ചുതരണമെന്ന് ഭിന്നശേഷിക്കാരനായ ഗൗതമിന്റെ അച്ഛൻ കൃഷ്‌ണമൂർത്തി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. പ്ലാറ്റ്‌ഫോമിൽനിന്ന് രണ്ട് പടി കടന്നുവേണം കോച്ചിൽ കയറാൻ. വീൽചെയറിൽ കഴിയുന്ന ഒരാൾക്ക് ഇതിലേക്ക് പ്രവേശിക്കുക അസാധ്യമാണ്–അദ്ദേഹം പറഞ്ഞു. കൃഷ്‌ണമൂർത്തിയുടെ 26കാരനായ മകൻ ജന്മനാ വീൽചെയറിലാണ്. കോച്ചിന്റെ വാതിലുകളും ഇടുങ്ങിയതാണ്. ഒരാൾക്ക് കടന്നുപോകാൻ മാത്രം കഴിയുന്ന വാതിലിലൂടെ എങ്ങനെയാണ് വീൽചെയർ കയറുകയെന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ മകനെപോലെ ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കൾക്കെല്ലാം ഇൗ വിഷയത്തിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തികൾക്കായി എന്ന പേരിൽ നൽകിയ കോച്ചുകൊണ്ട് അവർക്ക് ഗുണമില്ല. ഏറ്റവും പുതിയ വന്ദേഭാരത് ട്രെയിനുകൾ പോലും ഭിന്നശേഷി സൗഹൃദമല്ല. എന്റെ മകനുമായി ഒരു സുരക്ഷിത ട്രെയിൻയാത്രയ്ക്ക് ഇനിയും വർഷങ്ങളെടുക്കുമെന്ന് എനിക്കറിയാം. ഭാവിയിൽ വരുന്ന കോച്ചുകളെങ്കിലും ഇൗ കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്നതാകട്ടെ'–കൃഷ്‌ണമൂർത്തി പറഞ്ഞു. വീൽചെയറുമായി ഉള്ളിൽ കയറിയാലും സുരക്ഷിതമായി ഇരിക്കാനുള്ള സൗകര്യവും കോച്ചിനുള്ളിൽ ഇല്ല. വാതിലുകൾക്ക് കുറഞ്ഞത് 100 സെമീ വീതി കൂട്ടണം. റെയിൽവേ സ്‌റ്റേഷനുകളിൽ പോർട്ടബിൽ റാമ്പുകൾ ലഭ്യമാക്കണം. റെയിൽവേ മന്ത്രാലയവും കേന്ദ്ര റെയിൽ മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.









0 comments