Deshabhimani

ഭീതി പരത്തി തീഗോളം

thee padarunnu
വെബ് ഡെസ്ക്

Published on May 16, 2025, 04:00 AM | 2 min read

തിരുവല്ല പതിവില്ലാതെ രാത്രി എട്ടിന്‌ കമ്പനിയിലെ സൈറൻ മുഴങ്ങി. അപകട സൈറനാണെന്ന് തോന്നി... നാട്ടുകാർ ഓടിയെത്തിയപ്പോൾ തീ പടരുന്നു. പുക ഉയർന്നു. വൈദ്യുതി ബന്ധവും നിലച്ചു. ഇരുട്ടിൽ അഗ്നിഗോളം പോലെയായി പുളിക്കീഴിലെ ബിവറേജസ്‌ സംഭരണ കേന്ദ്രം. തൊട്ടടുത്ത് ജവാൻ മദ്യ ഉൽപ്പാദന കേന്ദ്രം. അവിടേക്ക് തീ പടർന്നാൽ ലക്ഷക്കണക്കിന് സ്പിരിറ്റ് സംഭരിച്ചിരിക്കുന്ന പുളിക്കീഴ് പമ്പാ റിവർ ഫാക്‌ടറി ഒന്നാകെയും പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ സമീപത്തുള്ള പ്രദേശങ്ങളിലേക്ക് തീ പടരും. ജനങ്ങളും ഉദ്യോഗസ്ഥരുമാകെ ഭയന്നു. അവിടേക്ക് തീ പടർന്നില്ല. എന്നാൽ ബവ്കോ ഔട്ട്‌ലെറ്റും കേരളത്തിലെ ഏറ്റവും വലിയ വിദേശമദ്യ സംഭരണശാലയും കത്തിയമർന്നു. ബുധനാഴ്ച രാത്രിയും തീ അണഞ്ഞിട്ടില്ല. രാത്രി ആയതിനാൽ ജീവനക്കാർ ആരും സംഭരണശാലയിൽ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മേൽക്കൂരയിൽ അറ്റകുറ്റപ്പണികൾ വൈകിട്ട് നടന്നിരുന്നു. അപകടകാരണം വെൽഡിങ്‌ റാഡ് വീണതാണോ അതോ ഷോർട്ട് സർക്യൂട്ട് ആണോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്നത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോഡൗണിൽനിന്ന് പുക ഉയരുന്നത് മദ്യലോഡുമായി വന്ന ലോറി ഡ്രൈവർമാരാണ് ആദ്യം കാണുന്നത്. അവർ വാച്ചർമാരെയും മുന്നിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഔട്ട് ലെറ്റിലെ ജീവനക്കാരേയും മദ്യം വാങ്ങാനെത്തിയവരെയും അറിയിച്ചു. ഉടൻ തന്നെ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. ഔട്ട് ലറ്റിലെ ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചു. ഔട്ട് ലറ്റിലെ പണം മാറ്റി സുരക്ഷിതമാക്കി. അപ്പോഴേക്കും കമ്പനി തീഗോളമായി മാറിയിരുന്നു. ഒരു രാത്രി മുഴുവൻ ഒരു നാട് ഭയന്നു വിറച്ചാണ് കഴിഞ്ഞത്. ഫയർ എൻജിനുകളുടെ ശബ്ദവും അമിതവേഗതയിലുള്ള പാച്ചിലും രാത്രി മുഴുവൻ നീണ്ടു. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ജനനേതാക്കളും കരുതലോടെ നിന്നു. നേരം പുലരാറായപ്പോഴാണ് തെല്ല് ശമനമുണ്ടായത്. ഒമ്പതുലിറ്റർ കൊള്ളുന്ന 45,000 കെയ്സുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 1,05,000 ലിറ്റർ മദ്യം ഉയരത്തിൽ അടുക്കി വച്ചിരുന്നതിലേക്ക് തീ പടർന്നപ്പോൾ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടിത്തെറിച്ചു. ഷീറ്റുരുകി വീണു. മേൽക്കൂരയിലെ കമ്പികൾ താഴേക്ക് പതിച്ചു. മാലപ്പടക്കം പോലെ ചില്ലു മദ്യക്കുപ്പികൾ പൊട്ടിത്തെറിച്ചു. 100 വർഷത്തിലേറെ പഴക്കമുള്ളതും ബ്രിട്ടീഷ് ഭരണകാലത്ത് പ്യാരി കമ്പനി നിർമിച്ചതുമായ കെട്ടിടം ദുർബലമായതിനാൽ അഗ്‌നിരക്ഷാസേന ഉള്ളിൽ കടക്കാനാകാതെ പുറത്തു നിന്ന് തീ അണയ്ക്കാനാണ് ശ്രമിച്ചത്. 10 കോടിയുടെ നഷ്ടം പ്രാഥമികമായി കണക്കുകൂട്ടുന്നു. നൂറ് കണക്കിന് ജീവനക്കാരുള്ള ഇവിടെ ഒരാൾക്ക് പോലും ഒരു ചെറിയ പൊള്ളലും ഏൽക്കാതിരുന്നത് ആശ്വാസം നൽകുന്നു. രാത്രിയായതിനാലാണ് എന്നതും ആശ്വാസമേകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home