കണ്ണുതള്ളും ഈ ‘പിള്ളേരുകളി’ കണ്ടാൽ

കെെറ്റിന്റെ സ്റ്റാളിൽ ജില്ലാ കോ–ഓർഡിനേറ്റർ രതീദേവിക്കൊപ്പം വിദ്യാർഥികൾ
പത്തനംതിട്ട
ഓലപ്പന്തും മണ്ണപ്പവുമൊക്കെയുണ്ടാക്കിക്കളിച്ചിരുന്ന തലമുറയൊക്കെ ഇനി ഔട്ട്. പുതിയ പിള്ളേരൊക്കെ ഇപ്പോ ‘എഐ’യാ. അവർ ഉണ്ടാക്കുന്നതോ, റോബോട്ടുകളും ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളും മാത്രം. എന്റെ കേരളം പ്രദർശന മേളയിൽ കൈറ്റിന്റെ സ്‌റ്റാളിലെത്തിയാൽ ‘പിള്ളേരുകളി’കണ്ട് കണ്ണുതള്ളും. ആധുനിക വിദ്യയുടെ സഹായത്തോടെ നിർമിച്ച റോബോട്ട്, മഴമാപിനി, കാറുകളുടെ വരവറിഞ്ഞ് തുറക്കുന്ന ഗേറ്റ് തുടങ്ങിയ നിരവധി കണ്ടുപിടുത്തങ്ങളാണ് സ്‌കൂൾ വിദ്യാർഥികളുടേതായുള്ളത്. ആറന്മുള ജിവിഎച്ച്‌എസ്‌എസിലെ പത്താംക്ലാസ് വിദ്യാർഥി എ അഭിനവ് തന്റെ നാല് കണ്ടുപിടുത്തങ്ങളുമായാണ് എത്തിയത്. ‘ഓട്ടോമാറ്റിക് റെയിൻഗേജ് സിസ്‌റ്റം’ എന്ന കണ്ടുപിടിത്തതിലൂടെ മഴയുടെ വരവ് മനസിലാക്കി ‘റെഡ്, യെല്ലൊ, ഗ്രീൻ’ അലർട്ടുകൾ സ്വന്തമായി മനസിലാക്കാനാകും. ഇതിനായി മൊബൈൽ ആപ്പും അഭിനവ് വികസിപ്പിച്ചു. കൃഷിയിടങ്ങളിലെ ജലസേചനം ഉറപ്പാക്കാനുള്ള ‘ഓട്ടോമാറ്റിക് പ്ലാന്റ് കൺസർവേഷൻ യൂണിറ്റ്’, കൈയുടെ ചലനത്തിൽ ചലിക്കുന്ന കാർ, മനുഷ്യരുടെ സാന്നിധ്യം മനസിലാക്കി തനിയേ ശബ്ദമുണ്ടാക്കുന്ന ‘ഓട്ടോമാറ്റിക് കോളിങ് ബെൽ’ എന്നിവയും അഭിനവിന്റെ കണ്ടുപിടുത്തങ്ങൾ. മല്ലപ്പള്ളി ടിഎച്ച്‌എസ്‌എസിലെ പി എസ് മാധവും ആദിത്യനും ടെവിനും ചേർന്ന് ഒരു റോബോട്ടിനെത്തന്നെ നിർമിച്ചുകൊണ്ടുവന്നിട്ടുണ്ട്. കടമ്പനാട് സെന്റ് തോമസ് എച്ച്‌എസ്‌എസിലെ ആദിത്യനും കീർത്തനയുമാണ് കാറുകളുടെ വരവ് തിരിച്ചറിഞ്ഞ് തനിയേ തുറക്കുന്ന ‘ഓട്ടോമാറ്റിക് ഗേറ്റ്’ നിർമിച്ചത്. കുട്ടികളെ റോബോട്ടിക് രംഗത്ത് വൈദഗ്‌ധ്യമുള്ളവരാക്കി മാറ്റാൻ നൽകുന്ന ‘ആർഡിനോ കിറ്റ്’ ഉപയോഗിച്ചാണ് ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അനിലയും കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ രതീദേവിയും പറഞ്ഞു.
0 comments