റബർ വില താഴേക്ക്
പ്രതീക്ഷയറ്റ് കർഷകർ

സ്വന്തം ലേഖിക
Published on Aug 20, 2025, 12:05 AM | 1 min read
പത്തനംതിട്ട
കിലോയ്‌ക്ക് 210 രൂപയിലെത്തിയ റബർ വില കുറഞ്ഞ് 197ലേക്ക്. ജൂലൈയിൽ വില 200 കടന്നെങ്കിലും പിന്നീട് കുറയുകയായിരുന്നു. വില കൂടിയപ്പോഴും പുലർച്ചെ പെയ്യുന്ന മഴ കർഷകർക്ക് പ്രതിസന്ധിയായിരുന്നു.
ജില്ലയിൽ പലയിടത്തും ടാപ്പിങ് പൂർണമായി നിലച്ചിരുന്നു. ഉണങ്ങിയ ഷീറ്റിന് (ആർഎസ്‌എസ് 4) ചൊവ്വാഴ്ചത്തെ വില കിലോഗ്രാമിന് 197.00 രൂപയാണ്. ആർഎസ്‌എസ് 5 വിഭാഗത്തിൽപ്പെട്ടതിന് 194.00 രൂപയും. ജൂലൈ ആദ്യവാരം വില 193 ആയിരുന്നു. രണ്ടാഴ്ച പിന്നിട്ടപ്പോൾ വില 200 കടന്നു. മഴ മാറിയതോടെ ഉൽപ്പാദനം കൂടുമെന്ന കർഷകരുടെ പ്രതീക്ഷയും വിലക്കുറവിൽ ഇല്ലാതായി.
വിദേശവിപണിയായ ബാങ്കോക്ക്, ക്വാലാലംപൂർ എന്നിവിടങ്ങളിലും വില കുറഞ്ഞു. ബാങ്കോക്കിൽ 189ഉം ക്വാലാലംപൂരിൽ 155 ഇന്ത്യൻ രൂപയുമാണ് വില. രാജ്യത്തെ റബറിന്റെ 70 ശതമാനത്തിലധികവും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാം ഗൈഡ് കണക്കുപ്രകാരം 2021–-22ൽ സംസ്ഥാനത്ത് 55,120 ഹെക്ടർ ഭൂമിയിലായി 4,92,500 മെട്രിക് ടൺ റബർ ഉൽപ്പാദിപ്പിച്ചു. ഏറ്റവും കൂടുതൽ റബർ ഉൽപ്പാദിപ്പിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് പത്തനംതിട്ട ജില്ല. ഇവിടെ ഒരു ഹെക്ടർ റബർകൃഷിയിൽനിന്ന് 1,026 കിലോഗ്രാം റബറാണ് ഉൽപ്പാദിപ്പിക്കുന്നത്.









0 comments