ചിറ്റാർ ഗവ. എൽപി സ്‌കൂളിന് പുതിയ കെട്ടിടം

നിർമാണം പുരോഗമിക്കുന്ന ചിറ്റാർ ഗവ. എൽപി സ്കൂൾ കെട്ടിടം
ചിറ്റാർ ചിറ്റാർ ഗവ. എൽപി സ്‌കൂളിന് രണ്ട് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ 5500 ചതുരശ്രയടി വിസ്തീർണത്തിൽ പണിയുന്ന പുതിയ കെട്ടിടം ഒന്നാം നില പൂർത്തിയായി. രണ്ടാംനില നിർമാണവും പുരോഗമിക്കുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. അടുത്ത അധ്യയന വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൂത്താട്ടുകുളം എൽപി സ്‌കൂളെന്നും കൊച്ചുസ്‌കൂളെന്നും അറിയപ്പെടുന്ന ചിറ്റാർ ഗവ. മോഡൽ എൽപി സ്കൂൾ ചിറ്റാറിൽ 1942ൽ സ്ഥാപിതമായ ആദ്യ വിദ്യാലയമാണ്. സീതത്തോട്, ആങ്ങമൂഴി, തണ്ണിത്തോട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവർക്ക് വിദ്യാഭ്യാസം നൽകിയ ചരിത്രം സ്കൂളിനുണ്ട്. എട്ട് ക്ലാസ് മുറികളും സ്റ്റാഫ് റൂമും ശുചിമുറിയുമുള്ള കെട്ടിടമാണ് സ്കൂളിനായി ഒരുങ്ങുന്നത്. കരിങ്കല്ലിൽ ചുവര് തീർത്ത് ഓടുപാകിയ മൂന്നു കെട്ടിടങ്ങളിലായാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ആവശ്യത്തിന് കളിസ്ഥലമില്ലെന്ന പോരായ്‌മയാണ് സ്കൂളിനുള്ളത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇതിന് പരിഹാരവുമാകും. പുതിയ കെട്ടിടം വരുമ്പോൾ പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം. ആ ഭാഗം കെട്ടി ഉയർത്തി മണ്ണിട്ട് നിരപ്പാക്കുന്നതോടെ കളിസ്ഥലവുമാകും. മലയോരമേഖലയിൽനിന്ന് നിരവധി വിദ്യാർഥികൾ പഠിക്കാനെത്തുന്ന ഇവിടെ മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി 300 വിദ്യാർഥികളുണ്ട്. പ്രീ പ്രൈമറി വിഭാഗവും സ്‌കൂളിനുണ്ട്.
0 comments