പത്താംക്ലാസ് പുസ്‌തകം വിതരണം തുടങ്ങി

പത്താംക്ലാസ് പുസ്‌തകം ജില്ലാതല വിതരണം മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നപ്പോൾ
പത്തനംതിട്ട പത്താംക്ലാസിലേക്കുള്ള പാഠപുസ്‌തക വിതരണത്തിന് ജില്ലയിലും തുടക്കമായി. 11 എഇഒമാർക്ക് കീഴിലുള്ള 122 സൊസൈറ്റികളിലേക്ക് പുസ്‌തകം വിതരണം ചെയ്‌തുതുടങ്ങി. ഇവ നിശ്ചിതസമയത്ത് സ്‌കൂളിൽനിന്ന് വിൽപ്പനയാരംഭിക്കും. വാർഷികപരീക്ഷ പൂർത്തിയായി സ്‌കൂളുകൾ അടയ്‌ക്കുംമുമ്പേതന്നെ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്‌തകം എത്തിയിരുന്നു. ഇത്തവണയും സ്‌കൂൾ തുറക്കുംമുമ്പ് മുഴുവൻ പുസ്‌തകങ്ങളും വിദ്യാർഥികളിലെത്തിച്ച് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പും സർക്കാരും. ഒന്നുമുതൽ 10 വരെയുള്ള 2025-–-26 അധ്യയന വർഷത്തെ ആദ്യഘട്ട വിതരണത്തിന് ഒന്നാം വാല്യം പുസ്‌തകങ്ങളുടെ ഏഴ് ലോഡാണ് തിരുവല്ലയിലെ ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിയത്. ആകെ 8,50,795 പുസ്‌തകങ്ങളാണ് ജില്ലയ്‌ക്കാവശ്യം. ഇതിൽ 3,45,244 എണ്ണം വിതരണം ചെയ്‌തു. കഴിഞ്ഞ വർഷം 1,3,5,7,9 ക്ലാസുകളിലെയും ഈ വർഷം മുതൽ 2,4,6,8,10 ക്ലാസുകളിലെയും പാഠ്യപദ്ധതി പരിഷ്‌കരിച്ചിരുന്നു. ഡിപ്പോകളിൽ കരുതൽ ശേഖരമില്ലാത്തതിനാലാണ് മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ പുസ്‌തകങ്ങൾ ആവശ്യം വന്നത്. കാക്കനാടുള്ള കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) നിന്നാണ് തിരുവല്ലയിലെ ബുക്ക് ഡിപ്പോയിൽ പുസ്‌തകങ്ങൾ എത്തിക്കുന്നത്. അഞ്ചാം വർഷവും കുടുംബശ്രീ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം പുസ്‌തകങ്ങളുടെ തരംതിരിക്കലും വിതരണവും. ഡിപ്പോയിലെത്തുന്ന പുസ്‌തകങ്ങൾ കുടുംബശ്രീ പ്രവർത്തകർ സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ തരംതിരിച്ച് സ്‌കൂൾ സൊസൈറ്റികൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ജില്ലാതല വിതരണം വ്യാഴാഴ്ച പത്തനംതിട്ട മർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ റെനി ആന്റണി, ജില്ലാ വിദ്യാകിരണം കോ–-ഓർഡിനേറ്റർ എ കെ പ്രകാശ്, ഡിഇഒമാരായ കെ പി മൈത്രി , ഡി ഷൈനി, മർത്തോമ്മ സ്കൂൾ പ്രധാനാധ്യാപിക അജി എന്നിവർ പങ്കെടുത്തു.
0 comments