പ്രവേശനോത്സവത്തിന് ഒരുങ്ങാം

പത്തനംതിട്ട മധ്യവേനലവധി അവസാനിക്കാൻ രണ്ടാഴ്‌ച മാത്രം ബാക്കിനിൽക്കെ സ്‌കൂളുകളിൽ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വിശദ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പാഠ്യപദ്ധതിയിൽ മാറ്റമുള്ള രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങൾ ജില്ലയിലെ വിദ്യാലയങ്ങളിൽ എത്തിച്ചു തുടങ്ങി. അധ്യാപകർക്കുള്ള പരിശീലനങ്ങൾക്കും തുടക്കമായി. സ്‌കൂൾ തുറക്കുംമുമ്പ് തന്നെ പുസ്‌തകവിതരണം പൂർത്തിയാകും. മറ്റു ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിദ്യർഥികൾക്ക് വിതരണം ചെയ്‌തു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വേണ്ട ഒരുക്കങ്ങൾക്കും രൂപം നൽകി. ജില്ലാ തലത്തിൽ അടുത്തദിവസം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കലക്ടർ വിളിക്കും. വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി എത്രയും വേഗം തീർക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കൊപ്പം മാലിന്യ മുക്തമാക്കാനും പ്രവേശനോത്സവത്തിനടക്കം വേണ്ട സജ്ജീകരണമൊരുക്കും. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം എല്ലാ സ്കൂളുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ശേഷം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും ജില്ലാതല പ്രവേശനോത്സവവും നടത്തും. സ്‍കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി 27നകം പൂർത്തിയാക്കണം. നിർമാണം നടക്കുന്നതിനാൽ വാടകക്കെട്ടിടത്തിലോ മറ്റോ ക്ലാസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇതിന്റെയും ഫിറ്റ്നസ് ഉറപ്പാക്കണം. തദ്ദേശസ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ക്ലാസ് തുടങ്ങാനാകൂ. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കണം. സ്കൂളിനടുത്ത് വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സംരക്ഷണഭിത്തി ഉറപ്പാക്കണം. വിദ്യാർഥികളുടെ യാത്രാസുരക്ഷ സ്കൂൾതല അവലോകനത്തിൽ ഉറപ്പാക്കണം. സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരിവസ്‌തു വിൽപ്പനയില്ലെന്ന് ഉറപ്പാക്കാൻ എക്സൈസ്, പൊലീസ് സേവനം തേടാം. സ്‌കൂൾ പാചകപ്പുരയുമായി ബന്ധപ്പെട്ട് അടുക്കളയും ഉപകരണങ്ങളുമെല്ലാം അണുവിമുക്തമാക്കണം. പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് വേണം. എല്ലാ സ്‌കൂളുകളിലും പിടിഎ യോഗം 25-ന് മുമ്പ് നടത്തണം. ജില്ലയിൽ പിടിഎ യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. വന്യമൃഗ സാന്നിധ്യമുള്ളയിടങ്ങളിൽ സംരക്ഷണ വേലിയടക്കം സുരക്ഷ ഉറപ്പാക്കണം. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ ആവിഷ്കരിച്ച പദ്ധതി കൃത്യമായി നടപ്പാക്കണമെന്നും നിർദേശമുണ്ട്.
0 comments