കോന്നി– അച്ചൻകോവിൽ പരമ്പരാഗത പാത

കല്ലേലി– -അച്ചൻകോവിൽ പാത
പാത കോന്നി പാണ്ഡ്യ രാജാക്കന്മാരുടെ ചരിത്രം പേറി കോന്നി–- അച്ചൻകോവിൽ പരമ്പാരാഗത പാത. തമിഴ്നാടിനെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഈ കാനനപാതയ്ക്ക് പറയാൻ കഥകൾ ഏറെയാണ്. രാജഭരണവും ബ്രിട്ടീഷ് ആധിപത്യവും കണ്ടറിഞ്ഞ ഈ പാത വിനോദ, തീർഥാടക സഞ്ചാരികളെ മനം മയക്കുന്ന കാനനഭംഗിയിലേക്ക് കൂട്ടിക്കൊണ്ടു പോകും. അച്ചൻകോവിലാറിന് വടക്കേ കരയിലൂടെ കോന്നി-കുമ്മണ്ണൂർ-നടുവത്തുമൂഴി-വയക്കര-കൊണ്ടോടി -കരിപ്പാൻതോട് - തുറ വഴിയാണ് പാത. തിരുവിതാംകൂർ വനം വകുപ്പ് നിർമിച്ച ആദ്യ റോഡ് എന്ന പ്രത്യേകതയും പാതയ്ക്കുണ്ട്. അച്ചൻകോവിലാർ മറികടക്കുന്നതിനായി സർക്കാർ വക കടത്ത് സർവീസ് തുറയിൽ ഉണ്ടായിരുന്നു. ഈ പാതയ്ക്ക് സമീപമായി നിരവധി കാനന ക്ഷേത്രങ്ങളുടെയും ജനവാസ കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാൻ കഴിയും. തുറയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ആവണിപ്പാറയുടെ (പഴയ പേര് പരുന്താടി) വടക്ക് കിഴക്കായാണ് മുക്കടമൂഴി അപ്പുപ്പൻ സ്ഥാനം സ്ഥിതി ചെയ്യുന്നത്. കല്ലാർ, കാനയാർ, അച്ചൻകോവിലാർ എന്നിവ സംഗമിക്കുന്ന ത്രിവേണി സ്ഥാനത്തെ പുണ്യസ്ഥാനമായി കരുതുന്നു. മുക്കടമുഴിയുടെ താഴെയായാണ് അറുതല കയം സ്ഥിതി ചെയ്യുന്നത്. വന്യമൃഗ ശല്യവും മഴക്കാലത്ത് നിരവധി തോടുകൾ മറികടക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനാണ് പാത പിന്നീട് ഉപേക്ഷിച്ചത്. പന്തളം പി ആർ മാധവൻ പിള്ള കോന്നി എംഎൽഎ ആയിരുന്ന കാലത്താണ് അച്ചൻകോവിലാറിന് തെക്കു ദിശയിലൂടെയുള്ള കോന്നി-അച്ചൻകോവിൽ റോഡിന്റെ നിർമാണം ആരംഭിക്കുന്നത്. കോന്നി-കല്ലേലി റോഡ് നിർമാണത്തിന് 1967ൽ തുടക്കമായി. കോന്നി (കല്ലേലി) എസ്റ്റേറ്റിൽക്കൂടിയായിരുന്നു ഈ റോഡ് പെരുന്തേൻമൂഴി (നടുവത്തുമൂഴി)യിലേക്ക് പോയിരുന്നത്. 1976ൽ നിലവിൽ തേക്കിൻ തോട്ടത്തിനുള്ളിൽ (ചെക്ക് പോസ്റ്റ് -അപ്പുപ്പൻ കാവ്- പെരുന്തേൻമൂഴി) കൂടിയുള്ള റോഡ് നിർമാണവും ആരംഭിച്ചു. എസ്റ്റേറ്റിൽ കൂടിയുള്ള റോഡ് നിർമാണത്തിന്റെ പകുതി തുക സർക്കാരും പകുതി തുക മാനേജ്മെന്റുമാണ് വഹിച്ചത്. 1976ൽ നിലവിൽ തേക്കിൻ തോട്ടത്തിനുള്ളിൽ (ചെക്ക് പോസ്റ്റ് -അപ്പുപ്പൻ കാവ്- പെരുന്തേൻമൂഴി) കൂടിയുള്ള റോഡ് നിർമാണം ആരംഭിക്കുന്നത്. 1978ൽ അച്ചൻകോവിൽ റോഡ് നിർമാണം പുനരാരംഭിച്ചു. അച്ചൻകോവിൽ റോഡിലെ ആറ് കലുങ്കുകളുടെ നിർമാണം പൂർത്തിയാക്കാൻ 1985 വരെ കാത്തിരിക്കേണ്ടി വന്നു. പുരാതന അച്ചൻകോവിൽ-കോന്നി കാനന പാതയെപ്പറ്റി 1942ൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
0 comments