പണിമുടക്ക് പൂർണപരാജയം
ഓഫീസുകളിൽ എല്ലാവരും ഹാജർ

പണിമുടക്കാതെ ജില്ലാ ട്രഷറി ഓഫീസിൽ ബുധനാഴ്ച രാവിലെ ഹാജരായ ജീവനക്കാർ
പത്തനംതിട്ട എൻജിഒ അസോസിയേഷൻ, ജോയിന്റ് കൗൺസിൽ സംഘടനകൾ നടത്തിയ പണിമുടക്കാഹ്വാനം പൂർണമായും പരാജയപ്പെട്ടു. റവന്യൂ, കൃഷി വകുപ്പ് ഓഫീസുകളൊഴികെ ബാക്കി സർക്കാർ ഓഫീസുകളെല്ലാം പൂർണ ഹാജരോടെയാണ് പ്രവർത്തിച്ചത്. കൃഷി വകുപ്പിൽ നാമമാത്രമായ ജീവനക്കാർ മാത്രമാണ് പണിമുടക്കിയത്. ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പണിമുടക്ക് വിജയിപ്പിക്കാൻ ചില സ്ഥാപനമേധാവികൾ വഴിവിട്ട് ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് ജീവനക്കാരും അധ്യാപകരും അനാവശ്യവും സങ്കുചിത രാഷ്ട്രീയ പ്രേരിതവുമായ പണിമുടക്കിനെ തള്ളിയത്. പണിമുടക്കിന്റെ പ്രധാന മുദ്രാവാക്യങ്ങളായ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ചും ശമ്പള പരിഷ്കരണ-ക്ഷാമബത്ത കുടിശ്ശികയെ സംബന്ധിച്ചും പെൻഷനെ സംബന്ധിച്ചും മുഖ്യമന്ത്രിയും ധനമന്ത്രിയും ജീവനക്കാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിന് അർഹതപ്പെട്ട 57,400 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നതാണ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കാൻ തടസ്സമായത്. അത് മറച്ചുവച്ച് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് എൻജിഒ അസോസിയേഷൻ, ജോയിന്റ് കൗൺസിൽ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സിവിൽ സർവീസിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ ഓഫീസിൽ 65 ജീവനക്കാരിൽ 64 പേരും ഹാജരായി. ജില്ലാ മെഡിക്കൽ ഓഫീസിൽ 67ൽ 66 പേരും ജില്ലയിലെ ട്രഷറി വകുപ്പിൽ 175ൽ 169 പേരും ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിൽ 50ൽ 46 പേരും ജില്ലാ പി എസ് സി ഓഫീസിൽ 33 പേരും രജിസ്ട്രേഷൻ വകുപ്പിൽ ജില്ലയിൽ 138ൽ 136 പേരും ജില്ലയിൽ ആകെയുള്ള 6373 അധ്യാപകരിൽ 6270 പേരും ജോലിക്ക് ഹാജരായി. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജില്ലാ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ജില്ലാ ഭാഗ്യക്കുറി ഓഫീസ് തുടങ്ങിയയിടങ്ങളിൽ മുഴുവൻ ജീവനക്കാരും ഹാജരായി. പണിമുടക്കാഹ്വാനം നടത്തിയ ജെപിഎച്ച്എൻ കാറ്റഗറി സംഘടന ജില്ലാ സെക്രട്ടറി രാവിലെ തന്നെ ജോലിക്ക് ഹാജരായി. ജോലിക്ക് ഹാജരായ ജീവനക്കാർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഉച്ചക്ക് പത്തനംതിട്ട ടൗണിൽ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേഷ് റാം അധ്യക്ഷനായി. കെജിഒഎ ഏരിയ പ്രസിഡന്റ് വി ജി അജയകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, പ്രസിഡന്റ് ജി ബിനുകുമാർ, ട്രഷറർ എസ് ബിനു എന്നിവർ സംസാരിച്ചു. കോന്നിയിലും പതിവുപോലെ ഓഫീസുകളുടെ പ്രവർത്തനം നടന്നു. നാമമാത്രമായ ജീവനക്കാർ റവന്യൂ വകുപ്പിൽ ജോലിക്ക് ഹാജരാകാതിരുന്നതൊഴിച്ചാൽ ഭൂരിപക്ഷം ജീവനക്കാരും ജോലിക്ക് രാവിലെ തന്നെ എത്തി. സബ്ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, കോന്നി പഞ്ചായത്ത്, സോഷ്യൽ ഫോറസ്ട്രി ഉൾപ്പടെ പ്രധാന ഓഫീസുകളും സ്കൂളുകളും പൂർണ ഹാജരിലാണ് പ്രവർത്തിച്ചത്. പണിമുടക്ക് തള്ളിക്കളഞ്ഞ ജീവനക്കാർ കോന്നി മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു. എം പി ഷൈബി, കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
Related News

0 comments