നിലയ്ക്കൽ ആശുപത്രി പൂർത്തിയാക്കണം: മുഖ്യമന്ത്രി

പത്തനംതിട്ട ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ ആശുപത്രി പൂർത്തിയാക്കാനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. തിരുവനന്തപുരത്ത് നടന്ന മേഖലാ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവർത്തനം നടത്താനുള്ള ഇടപെടലുകളും നിർദേശങ്ങളും യോഗത്തിലുണ്ടായി. ലൈഫ് 74.25 ശതമാനം ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം അർഹരായ 74.25 ശതമാനം പേരുടെ (13,271 പേർ) വീട് നിർമാണം പൂർത്തിയായി. അടുത്ത മൂന്നുമാസത്തിനുള്ളിൽ 76.34 (13,646) ശതമാനമാക്കി ഉയർത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയിൽ ആകെയുള്ള 141 റോഡുകളിൽ 28 എണ്ണത്തിന് കരാർ നൽകി. ആറെണ്ണത്തിന്റെ നിർമാണം തുടങ്ങി. അടുത്ത മൂന്നുമാസത്തിനുള്ളിൽ എല്ലാ റോഡുകളുടെയും നിർമാണം പൂർത്തിയാക്കും. അതിദാരിദ്ര്യമുക്തം നവംബർ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയിൽ പദ്ധതി പുരോഗമിക്കുന്നു. ആകെ 2,579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. 1,690 കുടുംബങ്ങളെ (66 ശതമാനം) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നുമാസത്തിനുള്ളിൽ 1,852 (95 ശതമാനം) ആയി ഉയർത്തും. അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 98 കുടുംബങ്ങളിൽ 46 പേർക്ക് വീട് നിർമിച്ചു നൽകി. ആഗസ്റ്റിൽ ഇത് 92 ആക്കി ഉയർത്തും. 33 കുടുംബാരോഗ്യകേന്ദ്രം ആർദ്രം പദ്ധതി പ്രകാരം ജില്ലയിലെ 47 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 33 എണ്ണം പൂർത്തിയായി. മൂന്നുമാസത്തിനകം മൂന്ന് കേന്ദ്രങ്ങൾ കൂടി പൂർത്തിയാകും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തെരഞ്ഞെടുത്ത 11 സ്ഥാപനങ്ങളിൽ ഏഴെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. നാല് പ്രധാന ആശുപത്രികളിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. മൂന്നു മാസത്തിനകം ബാക്കി പൂർത്തിയാകും. ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർണയ ലാബ് നെറ്റ്‌വർക്ക് സംവിധാനം പ്രവർത്തനക്ഷമമാണ്. ജില്ലയിൽ 56 ആരോഗ്യസ്ഥാപനങ്ങളാണ് നിർണയ ലാബ് നെറ്റ്‌വർക്ക്- ഹബ് ആൻഡ് സ്‌പോക്ക് ശൃംഖലയിൽ സജ്ജമായത്. ജില്ലയിലെ എല്ലാ വിഷയങ്ങളും അബാൻ മേൽപ്പാലം നിർമാണം, പ്ലാപ്പള്ളി- –-അച്ചൻകോവിൽ റോഡ് വനഭൂമി ലഭ്യമാക്കൽ, ആവണിപ്പാറ പട്ടികവർഗ സെറ്റിൽമെന്റിൽ പാലം നിർമാണത്തിനുള്ള അനുമതി, വടശേരിക്കര പാലം നിർമാണം, കോതേക്കാട്ട് പാലം, ശ്രീവല്ലഭ ക്ഷേത്രം തെക്കേനട പാലം, ഗണപതിപുരം പാലം, പുല്ലംപ്ലാവിൽ കടവ് പാലം, കറ്റോഡ് പാലം നിർമാണം, റാന്നി താലൂക്ക് ആശുപത്രി നിർമാണം, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, അടൂർ ജനറൽ ആശുപത്രി സ്ഥലപരിമിതി പരിഹാരം, പമ്പ റിവർ വാലി ടൂറിസം പദ്ധതി, റാന്നി നോളജ് വില്ലേജ് പദ്ധതി നിർമാണം, അടൂർ അന്താരാഷ്ട്ര സ്റ്റേഡിയം, പമ്പ, അച്ചൻകോവിൽ, മണിമല നദികളിലും കൈവഴികളിലുമായി അടിഞ്ഞുകൂടിയ അവശിഷ്ടം നീക്കം ചെയ്യൽ, എഫ്എസ്ടിപി കൊടുമൺ പ്ലാന്റേഷൻ, എൻ ഊര് പൈതൃക ഗ്രാമം പദ്ധതി, സുബല പാർക്ക് പുനരുദ്ധാരണം, ജിഎച്ച്എസ്എസ് ചിറ്റാർ ഓഡിറ്റോറിയം നിർമാണം, പമ്പ നിലയ്ക്കൽ ബേസ് ക്യാമ്പിൽ റവന്യു ഹൗസ് സ്ഥാപിക്കുന്നത്, വനഭൂമി പട്ടയം സംബന്ധിച്ച വിഷയം തുടങ്ങിയവ ചർച്ച ചെയ്തു. യോഗത്തിൽ കലക്ടർ എസ് പ്രേം കൃഷ്ണൻ വിഷയം അവതരിപ്പിച്ചു.
0 comments