ഇഷ്‌ടവിഭവമായി തലശേരി ദം ബിരിയാണി

കുടുംബശ്രീ ഭക്ഷ്യമേളയിൽ ഭക്ഷണം കഴിക്കുന്നവർ
പന്തളം കപ്പയും നല്ല എരിവുള്ള മീൻകറിയും ആവി പാറുന്ന പൊറോട്ടയും ബീഫ് കറിയും അങ്ങനെ എന്തൊക്കെ വേണം, വേണ്ടവർ നേരെ കുളനട പ്രീമിയം കഫെയിൽ ചെന്നാൽ മതി. കൂപ്പൺ എടുത്താ കയ്യിൽ കിട്ടും നല്ല ഫ്രഷ് ഫ്രഷ് വിഭവങ്ങൾ. രാവിലെ പത്ത് മുതൽ രാത്രി ഒമ്പത് വരെ ഫുഡ് കോർട്ടിൽ വമ്പൻ തിരക്കാണ്. ഏറ്റവും കൂടുതൽ തിരക്ക് തലശേരി ദം ബിരിയാണി മേടിക്കാനാണ്. ഒരു ബിരിയാണിക്ക് 180 രൂപയാണ് വില. കുടുംബസമേതം എത്തുന്നവർ മറ്റെല്ലാം പരീക്ഷിക്കുന്ന കൂട്ടത്തിൽ ഒരു പ്ലേറ്റ് തലശ്ശേരി ദം ബിരിയാണിയും മേടിക്കും. കാരണം പ്രീമിയം കഫെയുടെ പ്രവേശന കവാടത്തിൽ എത്തുമ്പോൾ തന്നെ മൂക്കിലേക്കടിച്ചു കയറുന്നൊരു ബിരിയാണി മണമുണ്ട്. തിരക്കി ചെല്ലുന്നവരൊക്കെ എത്തുന്നത് ഫുഡ് കോർട്ടിന്റെ എട്ടാം നമ്പർ സ്റ്റാളിന്റെ മുമ്പിലാണ്. തയ്യാറാക്കാൻ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും പാചക രീതികളുടെയും സവിശേഷമായ മിശ്രിതമാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. സുഗന്ധവും സ്വാദും നിറഞ്ഞ ഈ ബിരിയാണി കുളനടക്കാരുടെ ഹൃദയവും രുചി മുകുളങ്ങളും കീഴടക്കി എന്നതിൽ സംശയമില്ല. അധിക മസാല ചേർക്കാതെ നല്ലൊരു ബിരിയാണി അതാണ് നിങ്ങളുടെ ‘ചോയ്സ്' എങ്കിൽ തലശേരി ദം ബിരിയാണി ഫുഡ് കോർട്ടിൽ തെരഞ്ഞെടുക്കാം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പന്തളത്ത് വെള്ളിയാഴ്‌ച വരെ നടക്കുന്ന ഭക്ഷ്യമേളയാണ് ഇപ്പോൾ ജില്ലയിലെ താരം. മേളയിൽ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന കേരളത്തിലെ വിവിധതരം ഭക്ഷ്യവസ്‌തുക്കളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. ജില്ലയിലെ വിവിധ കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന അഞ്ച് വിപണന സ്റ്റാളുകൾ, 10 ലൈവ് ഭക്ഷ്യസ്റ്റാളുകൾ എന്നിവയാണ് മേളയിലുള്ളത്.
0 comments