കുടുംബശ്രീ സാഹിത്യ ശിൽപ്പശാല "വിത’ക്ക് തുടക്കമായി

kudumbasree

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത' നാടക്‌ ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 21, 2025, 04:21 AM | 1 min read

പത്തനംതിട്ട സ്ത്രീകളിലെ എഴുത്ത് വാസന പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത' നാടക പ്രവർത്തക സംഘടന നാടകിന്റെ ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ ബിന്ദു രേഖ അധ്യക്ഷയായി. 30നും 60നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്കായി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുളനട പ്രീമിയം കഫേ ഹാളിലാണ് റെസിഡൻഷ്യൽ ക്യാമ്പ്. കുടുംബശ്രീ വനിതകൾക്ക് അവരുടെ സർഗശേഷി വളർത്തുന്നതിനും സാഹിത്യ മേഖലയിൽ നൂതന ആശയങ്ങളും അറിവും നൽകുന്നതും ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. കലാസാഹിത്യ മേഖലകളിലെ പ്രമുഖരുമായി പരിചയപ്പെടുന്നതിനും ആശയങ്ങൾ പങ്കുവെയ്ക്കുന്നതിനും സംവദിക്കുന്നതിനും ‘വിത 'വേദിയാകും. റാന്നി സെന്റ്. തോമസ് കോളേജ് മലയാള വിഭാഗം അധ്യാപകൻ ഫാ. മാത്യൂസ് വാഴക്കുന്നം, അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ റാണി ആർ നായർ, നിരൂപകയും പ്രഭാഷകയുമായ ബിനു ജി തമ്പി, ചെറുകഥാകൃത്ത് സുജാത കെ പിള്ള (പെണ്ണ് പൂക്കുന്നിടം), ഗ്രന്ഥകാരിയും കവയത്രിയും നിത്യ ചൈതന്യയതിയുടെ ശിഷ്യയുമായ സുഗത പ്രമോദ്, യുവകവി കാശി നാഥൻ, എഴുത്തുകാരായ പി ശ്രീലേഖ, ജ്യോതി വർമ്മ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ക്യാമ്പ് ഡയറക്ടറും ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ എ ഗോകുലേന്ദ്രൻ ക്യാമ്പ് വിശദീകരണം നടത്തി. സ്നേഹിതാ സർവീസ് പ്രൊവൈഡർ കെ എം റസിയ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home