പുഷ്പമേളയ്ക്ക് ജനത്തിരക്കേറുന്നു

കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന മധ്യതിരുവിതാംകൂർ പുഷ്പമേള
കോഴഞ്ചേരി
കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മുത്തൂറ്റ് പാപ്പച്ചൻ ജ്ഞാനമ്മ നഗറിൽ നടക്കുന്ന മധ്യതിരുവിതാംകൂർ പുഷ്പമേളയ്ക്ക് ജനത്തിരക്കേറുന്നു. ജനുവരി 9ന് തുടങ്ങിയ മേളയിൽ ഇതിനകം പതിനായിരത്തിനടുത്ത് ആളുകൾ സന്ദർശകരായി എത്തിയതായാണ് സംഘാടകരുടെ കണക്ക്. പുഷ്പമേളയിൽ വിവിധ ഇനങ്ങളിൽപ്പെട്ട അയ്യായിരത്തോളം പുഷ്പങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. പൂക്കൾ കാണാൻ മാത്രമല്ല ആവശ്യക്കാർക്ക് അതു വാങ്ങാനുമുള്ള സൗകര്യമുണ്ട്. എസി പ്ലാന്റ്, സിസി പ്ലാന്റ്, ചൈനഡോൾ, കലാസിയ, പൂന വെറൈറ്റി, ഡയാന്റിസ്, ടിയ, ഓസ്ട്രേലിയൻ വൈറ്റ്, ട്യൂബ് റോസ്, സാൽവിയ, ഫ്ലോക്സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ തുടങ്ങി സ്വദേശിയും വിദേശിയുമായ നിരവധി ഇനം പുഷ്പങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. കൂടാതെ വിവിധയിനം പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഒരു വർഷം കൊണ്ടു കായ്ക്കുന്ന കുള്ളൻ തെങ്ങിൻ തൈകൾ മുതൽ വിവിധയിനം മാവുകൾ, പ്ലാവുകൾ തുടങ്ങി വിവിധയിനം വൃക്ഷ തൈകൾ വാങ്ങാനും മേളയിൽ സൗകര്യമുണ്ട്. 19 വരെ നടക്കുന്ന പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് കേരളത്തിന്റെ വിവിധയിടങ്ങളിലെയും കേരളത്തിനു പുറത്തെയും വൈവിധ്യവും രുചികരവുമായ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട്. എല്ലാദിവസവും വൈകിട്ട് ആറ് മുതൽ നടക്കുന്ന കലാപരിപാടികൾ കാണാനും ജനത്തിരക്ക് ഉണ്ട്. തിങ്കള്‍ വൈകിട്ട് നടന്ന കലാസന്ധ്യ ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോര്‍ജ്ജ് അധ്യക്ഷനായി. ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, പ്രസാദ് ആനന്ദഭവന്‍, സാലി ഫിലിപ്പ്, പള്ളിയോട സേവാസംഘം ട്രഷറാര്‍ രമേശ് മാലിയില്‍, രാഹുല്‍ റാവു, എജി തോമസ്, ബിജിലി പി ഈശോ, സോമരാജന്‍, ലാലു ഇടുക്കള, കുഞ്ഞുമോള്‍ തെക്കേത്ത് എന്നിവര്‍ സംസാരിച്ചു. പുഷ്പമേള 19ന് സമാപിക്കും.
Related News

0 comments