ലഹരിക്കെതിരെ പരിശോധന തുടരുന്നു
അസം സ്വദേശി ഉൾപ്പെടെ എട്ട് പേർ പിടിയിൽ

ഹെെബ്രിഡ് കഞ്ചാവ്
പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഞ്ചാവുമായി അസം സ്വദേശി ഉൾപ്പെടെ എട്ട് പേരെ പൊലീസ് പിടികൂടി. വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി അസം സ്വദേശി അടൂരിൽ പിടിയിലായി. ആസാം ഉദൽരി തേജ്പൂർ സദ്ദീർ ഹുസൈൻ (30) ആണ് 11.6 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കോഴഞ്ചേരി പാലത്തിന് സമീപത്ത് നിന്ന് രണ്ട് യുവാക്കളെ അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഡാൻസാഫ് ടീമും ആറന്മുള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. പത്തനംതിട്ട വി. കോട്ടയം കൊലപ്പാറ മൂക്കൻവിളയിൽ ഫെബിൻ ബിജു (25), പ്രമാടം മറുർ മല്ലശേരി ദേവമന സൗരവ് എസ് ദേവ് (24) എന്നിവരാണ് അറസ്റ്റിലായത്. ഫെബിൻ കൊച്ചിയിലും ബംഗളൂരുവിലും ടാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സുഹൃത്ത് സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക് ഷോപ്പ് നടത്തുന്നു. ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. കീഴ്‌വായ്‌പൂർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ അഞ്ച് യുവാക്കൾ പിടിയിലായി. ഇതിൽ ഒരാളിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വച്ചതിന് കേസെടുത്തു. ബാക്കിയുള്ളവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. കുന്നന്താനം വള്ളമല ഷാപ്പിന് മുൻവശം വാഹന പാർക്കിങ് ഏരിയയിൽ നിന്നാണ് രണ്ടുപേരെ പിടികൂടിയത്. കുന്നന്താനം പാറനാട് കുന്നത്ത്‌ശേരിൽ വീട്ടിൽ ശങ്കരൻ എന്ന കെ വി അഖിൽ (30) ആണ് അഞ്ച് ഗ്രാം കഞ്ചാവോടെ പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കുന്നന്താനം വള്ളമല സുരാജ് ഭവനം വീട്ടിൽ സുനിലിനെ (34) കഞ്ചാവ് ബീഡി വലിച്ചതിന് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജന്റെ (27) വീടിന് സമീപത്ത് നിന്ന് ഇയാളെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ പിടികൂടുകയായിരുന്നു. ആലപ്പുഴ കാവാലം കരിക്കമംഗലം പുത്തൻപറമ്പിൽ വീട്ടിൽ വി വിമൽ മോൻ (27), കുന്നന്താനം മഠത്തിൽ കാവ് തെക്കേവീട്ടിൽ സായി എന്ന് വിളിക്കുന്ന ടി കെ സായികുമാർ (36) എന്നിവരാണ് എൽവിനോപ്പം കസ്റ്റഡിയിലായത്. ഇവർക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്തു. എൽവിൻ കീഴ്‌വായ്‌പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽപ്പെട്ടയാളാണ്. മോഷണ കേസിലും പ്രതിയാണ്.
0 comments